Tuesday, December 3, 2024

കത്തോലിക്കാ സഭയ്ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി നിക്കരാഗ്വന്‍ ഭരണകൂടം

കത്തോലിക്കാ സഭയ്ക്കും അതിന്റെ സ്ഥാപനങ്ങള്‍ക്കുമെതിരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി നിക്കരാഗ്വന്‍ ഭരണകൂടം. വിശ്വാസികള്‍ കത്തോലിക്കാ സഭയ്ക്കു നല്‍കുന്ന ദാനങ്ങള്‍ക്കും സംഭാവനകള്‍ക്കും നികുതി ചുമത്താനുള്ള നീക്കമാണ് ഇപ്പോള്‍ നിക്കരാഗ്വന്‍ ഭരണകൂടം നടത്തുന്നത്.

നിക്കരാഗ്വയിലെ ദിനപ്പത്രമായ ല പ്രെസ്‌നയെ ഉദ്ധരിച്ചുകൊണ്ട് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി ആന്‍സയാണ് (ANSA) ഈ വിവരം പുറത്തുവിട്ടത്. സാമ്പത്തിക വരുമാനത്തിന് നികുതി നല്‍കുന്നതില്‍നിന്ന് സഭകളെയും ഇതര മതസ്ഥാപനങ്ങളെയും ഒഴിവാക്കുന്ന നിയമഭാഗം അതായത്, സാമ്പത്തിക നിയമത്തിലെ മുപ്പത്തിരണ്ടാം വകുപ്പിലെ മൂന്നാം ഭാഗം റദ്ദാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ നടപടിയുണ്ടായാല്‍ സഭയ്ക്കും മതസ്ഥാപനങ്ങള്‍ക്കുമുള്ള സംഭാവനകളും ദാനങ്ങളുമെല്ലാം വരുമാന നികുതിയുടെ പരിധിക്കുള്ളിലാകും.

മെത്രാന്മാരെയും വൈദികരെയും സെമിനാരിവിദ്യാര്‍ഥികളെയും സമര്‍പ്പിതരെയുമൊക്കെ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തുകൊണ്ട് സര്‍ക്കാര്‍ സഭയെ പീഢിപ്പിക്കുന്നത് തുടരുന്നതിനു പുറമെയാണ് സാമ്പത്തികതലത്തില്‍ കടിഞ്ഞാണിടാനുള്ള ഈ പുതിയ നീക്കം.

 

Latest News