ഫ്രാൻസിസ്കൻ വൈദികൻ ദൈവദാസൻ ഒഡോറിക്കോ ഡി ആൻഡ്രിയയുടെ പേരിലുള്ള ഫൗണ്ടേഷനും നസ്രത്ത് ക്ലിനിക്കും കണ്ടുകെട്ടി നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം. 1990 ൽ അന്തരിച്ച ഫാ. ഒഡോറിക്കോയുടെ സ്മരണകൾ നിലനിൽക്കുന്ന ഭൂമിയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
നിക്കരാഗ്വൻ പത്രമായ മൊസൈക്കോ സി എസ് ഐ പറയുന്നതനുസരിച്ച്, ജനുവരി 29 ബുധനാഴ്ച, പൊലീസും അറ്റോർണി ജനറലിന്റെ ഓഫീസും നസ്രത്ത് ക്ലിനിക്കിൽ റെയ്ഡ് നടത്തി. സാൻ റാഫേൽ ഡെൽ നോർട്ടെയിലെ ലോക്കൽ സിസ്റ്റം ഓഫ് കോംപ്രിഹെൻസീവ് ഹെൽത്ത് കെയറിന്റെ ഡയറക്ടർ ഡോ. മിർണ ലോപ്പസിനൊപ്പമാണ് ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡിനായി എത്തിയത്. വിവിധ സാമൂഹിക വികസനപദ്ധതികൾ നടപ്പിലാക്കുന്ന ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷന്റെ എല്ലാ വസ്തുവകകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ആറ് മോട്ടോർ സൈക്കിളുകളും ഒരു വാനും ഒരു ട്രക്കും കണ്ടുകെട്ടിയതായി റിപ്പോർട്ട് ചെയ്യുന്നു.
ഫാ. ഒഡോറിക്കോ ഡി ആൻഡ്രിയയെ അനുസ്മരിക്കാൻ ജനക്കൂട്ടം ഒന്നിച്ചുകൂടുന്ന എൽ ടെപിയാക് സാങ്ച്വറിയിൽ നിന്ന് 700 മീറ്റർ അകലെ സ്ഥിതിചെയ്യുന്ന ടെമ്പിൾടെ ഡിവിന പ്രൊവിഡൻസിയ എന്ന് വിളിക്കപ്പെടുന്ന സ്ഥലം ഒർട്ടേഗ പൊലീസ് കൈവശപ്പെടുത്തിയതായും മൊസൈക്കോ റിപ്പോർട്ട് ചെയ്യുന്നു.
നിക്കരാഗ്വയിലെ ജനങ്ങൾക്ക് പതിറ്റാണ്ടുകളായി സേവനം ചെയ്ത ഫ്രാൻസിസ്ക്കൻ സന്യാസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള രൂപതാഘട്ടം 2022 മാർച്ചിൽ അവസാനിച്ചു. ഇത് സംബന്ധിച്ച 4000 പേജുകൾ വത്തിക്കാനിലേക്ക് കൈമാറിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ നിക്കരാഗ്വൻ സ്വേച്ഛാധിപത്യം, ഫാ. ഒഡോറിക്കോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായ ഇറ്റാലിയൻ വൈദികൻ ഫാ. കോസിമോ ഡാമിയാനോ മുറാട്ടോറിയെ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു.