പത്തു കത്തോലിക്കാ, ഇവാഞ്ചലിക്കല്‍ എന്‍.ജി.ഒകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യം. നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കും മറ്റു ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തലുകളില്‍ ഏറ്റവും പുതിയതാണ് ഇത്. ജനുവരി 16-ന് ആഭ്യന്തരമന്ത്രാലയം, ഔദ്യോഗികപത്രമായ ‘ലാ ഗസെറ്റ’യില്‍ പ്രസിദ്ധീകരിച്ച ഉത്തരവിലൂടെയാണ് ക്രൈസ്തവ സന്നദ്ധസംഘടനകളുടെ അംഗീകാരം റദ്ദാക്കിയ വിവരം അറിയിക്കുന്നത്.
അംഗീകാരം റദ്ദാക്കിയ സന്നദ്ധസംഘടനകളുടെ മൊത്തം എണ്ണം 16 ആണ്. ഇതില്‍ പത്തെണ്ണം ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലുള്ളതാണ്. അംഗീകാരം റദ്ദാക്കിയ 16 സന്നദ്ധസംഘടനകളില്‍ ഒന്‍പതു സംഘടനകള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പിരിച്ചുവിടുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. മറ്റ് ഏഴു സ്ഥാപനങ്ങള്‍ സ്വമേധയാ പിരിച്ചുവിടാനാണ് ഒര്‍ട്ടേഗ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍സെക്രറ്റഡ് മിഷനറീസ് ഓഫ് ദി ഹോളി സാവിയര്‍ ഫൗണ്ടേഷന്‍, കമ്പനി ഓഫ് മേരി (മോണ്‍ഫോര്‍ട്ടിയന്‍ മിഷനറികള്‍), യഹോവ വില്‍ പ്രൊവൈഡ് പെന്തക്കോസ്ത് മിഷന്‍ അസ്സോസിയേഷന്‍, ഇവാഞ്ചലിസ്റ്റ് ആന്‍ഡ് പ്രൊഫെറ്റിക് അപ്പോസ്‌തോലിക് മിഷന്‍ അസ്സോസിയേഷന്‍, ന്യൂ റെസ്റ്റോറേഷന്‍ ഫാമിലി ചര്‍ച്ച് ഫൗണ്ടേഷന്‍ തുടങ്ങിയ സന്നദ്ധസംഘടനകള്‍ അംഗീകാരം റദ്ദാക്കിയവയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയാണ്. സാമ്പത്തിക കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആരോപണമാണ് ഈ സംഘടനകള്‍ക്കുനേരെ ഭരണകൂടം ഉയര്‍ത്തുന്നത്. മറ്റു സംഘടനകള്‍ ആസ്തികളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല എന്ന കാരണത്താലാണ് അവയുടെ അംഗീകാരം റദ്ദാക്കിയത്.
സാമൂഹികസുരക്ഷാ പരിഷ്‌കരണത്തില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ആരംഭിച്ച 2018 മുതല്‍ നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യം 3,500-ലധികം എന്‍.ജി.ഒകള്‍ റദ്ദാക്കിയാതായി വത്തിക്കാന്‍ ന്യൂസ് സ്പാനിഷ് വിഭാഗം വെളിപ്പെടുത്തുന്നു.