ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ സി സി) പുതുതായി പുറത്തിറക്കിയ 2025 ലെ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സ് പ്രകാരം, ക്രിസ്ത്യാനിയായി ജീവിക്കാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി വീണ്ടും നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നൈജീരിയയിൽ കുറഞ്ഞത് അൻപതിനായിരം ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പീഡനം മൂലം ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകളിൽനിന്ന് ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിന് നൈജീരിയൻ സർക്കാർ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇത് സർക്കാരിന്റെ നിഷ്ക്രിയത്വത്തെയും ജിഹാദിസ്റ്റ് വിഭാഗങ്ങളുടെ വർധിച്ചുവരുന്ന ശക്തിയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.
ഐ സി സി യുടെ വാർഷിക റിപ്പോർട്ടിന്റെ വിപുലീകരിച്ച പതിപ്പായ 2025 ലെ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സ്, ലോകമെമ്പാടും ക്രൈസ്തവപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങൾ പരിശോധിക്കുന്നു. “ലോകമെമ്പാടുമുള്ള ഏകദേശം 300 ദശലക്ഷം ക്രിസ്ത്യാനികൾ തടവ്, പീഡനം, കൊലപാതകം എന്നിവയുൾപ്പെടെ എല്ലാത്തരം പീഡനങ്ങളും നേരിടുന്നു” – ഐ സി സി പ്രസിഡന്റ് ജെഫ് കിംഗ് പറഞ്ഞു. നിക്കരാഗ്വ, ഇന്ത്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി ആർ സി) തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവർ വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്; അതിൽ നൈജീരിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ആക്രമണങ്ങൾക്കു പിന്നിലുള്ള ഗ്രൂപ്പുകൾ
നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ ഒന്നിലധികം തീവ്രവാദ വിഭാഗങ്ങളിൽനിന്ന് നിരന്തരം ഭീഷണികൾ നേരിടുന്നു. മേഖലയിലെ ഏറ്റവും സജീവമായ ജിഹാദിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ബോക്കോ ഹറാം, ക്രിസ്ത്യൻ ഗ്രാമങ്ങൾ, സ്കൂളുകൾ, പള്ളികൾ എന്നിവയ്‌ക്കെതിരെ അക്രമം അഴിച്ചുവിടുന്നു. അതേസമയം, ഐ എസുമായി ബന്ധപ്പെട്ട തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP), തട്ടിക്കൊണ്ടു പോകലുകളും കൂട്ടക്കൊലകളും നടത്തി ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതു തുടരുന്നു. ഭൂമി, ജലസ്രോതസ്സുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങളുടെപേരിൽ ക്രിസ്ത്യൻ കർഷകരെ ആക്രമിക്കുന്നതിൽ പ്രശസ്തരായ സായുധസംഘമായ ഫുലാനി തീവ്രവാദികളാണ് മറ്റൊരു പ്രധാന ആക്രമണകാരികൾ.
സമീപകാല ആക്രമണങ്ങളും അന്താരാഷ്ട്ര നടപടിക്കുള്ള ആഹ്വാനവും
2025 ലും നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമം അതിരൂക്ഷമായി തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു പ്രത്യേക ദൂതനെ നിയമിച്ചുകൊണ്ട് നിർണ്ണായക നടപടി സ്വീകരിക്കാൻ 2025 ലെ ഐ സി സി യുടെ ആഗോള പീഡനസൂചിക നയരൂപീകരണ വിദഗ്ധരോട് ആവശ്യപ്പെടുന്നു.
വർധിച്ചുവരുന്ന ആക്രമണങ്ങൾക്കിടയിലും, 2025 ലെ ആഗോള പീഡനസൂചിക പ്രതിരോധത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷ നൽകുന്ന സംഭവങ്ങളും എടുത്തുകാണിക്കുന്നു. ഏറ്റവും അടിച്ചമർത്തുന്ന ചുറ്റുപാടുകളിൽപോലും ഇവിടെ സുവിശേഷം പ്രചരിപ്പിക്കുന്നത് തുടരുന്നു; ക്രിസ്ത്യൻ സമൂഹങ്ങൾ നിലനിൽക്കുന്നു.