പ്രസവത്തിൽ മരിക്കുന്ന അമ്മമാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘ദരിദ്രരും ദുർബലരുമായ’ സ്ത്രീകൾക്ക് സൗജന്യ അടിയന്തര സിസേറിയൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് നൈജീരിയ. ഒരുവർഷം, ഒരുലക്ഷം കുട്ടികൾ നൈജീരിയയിൽ ജനിക്കുമ്പോൾ പ്രസവത്തോടനുബന്ധിച്ച് ആയിരത്തിലധികം മരണങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ പതിവായതോടെയാണ് ഗർഭിണികൾക്ക് സൗജന്യമായി ചികിത്സ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.
പല ഗർഭിണികൾക്കും, പ്രത്യേകിച്ച് ഗ്രാമീണ നൈജീരിയയിൽ ചെലവ് കാരണം അടിയന്തിര വൈദ്യസഹായം ലഭിക്കാൻ കഴിയുന്നില്ല. “സി-സെക്ഷന്റെ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ ഒരു സ്ത്രീക്കും ജീവൻ നഷ്ടപ്പെടരുത്” – ആരോഗ്യമന്ത്രി മുഹമ്മദ് പാറ്റെ പറഞ്ഞു. നൈജീരിയയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള 2023 ലെ കണക്കുകൾപ്രകാരം 40 ശതമാനത്തിലധികം നൈജീരിയക്കാർ പ്രതിദിനം 2.15 ഡോളർ എന്ന അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്.
വ്യാഴാഴ്ച ആരംഭിച്ച മെറ്റേണൽ മോർട്ടാലിറ്റി റിഡക്ഷൻ ഇന്നൊവേഷൻ ഇനിഷ്യേറ്റീവ് പ്രകാരം ഇപ്പോൾ യോഗ്യരായ എല്ലാ സ്ത്രീകൾക്കും പൊതു ആശുപത്രികളിലെ സിസേറിയൻ വിഭാഗങ്ങളിൽ പ്രവേശിക്കാനും സൗജന്യ സിസേറിയന് അപേക്ഷിക്കാനും കഴിയും. “ജീവൻ രക്ഷിക്കുന്ന ഈ നടപടിക്രമത്തിലേക്കുള്ള സാമ്പത്തികതടസ്സങ്ങൾ നീക്കം ചെയ്യുന്നതിലൂടെ, ആവശ്യമുള്ള ഒരു സ്ത്രീക്കും ചെലവ് കാരണം ഗുരുതരമായ പരിചരണം നിഷേധിക്കപ്പെടുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു” – പേറ്റ് കൂട്ടിച്ചേർത്തു.
ആരോഗ്യപദ്ധതി അടിയന്തര സാഹചര്യങ്ങൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെന്ന് ആരോഗ്യമന്ത്രിയുടെ ആശയവിനിമയ ഉപദേഷ്ടാവ് താഷികൽമ ഹല്ല ബി. ബി. സി. യോടു പറഞ്ഞു.