പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്നും നൈജീരിയയെ ഒഴിവാക്കുന്നതില്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് മതസ്വാതന്ത്ര്യപ്രവര്‍ത്തകര്‍. രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമാസക്തമായ പീഡനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വന്തം റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും നൈജീരിയയുടെ ഒഴിവാക്കല്‍, മതസ്വാതന്ത്ര്യത്തോടുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നയത്തിലെ പാളിച്ചകള്‍ വെളിപ്പെടുത്തുന്നുവെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2023-ലെ റിപ്പോര്‍ട്ട്, ഏകദേശം 200 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും മതസ്വാതന്ത്ര്യസാഹചര്യത്തെ എടുത്തുകാണിക്കുന്നു. നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളെ ‘ഇന്റര്‍കമ്മ്യൂണല്‍ ഏറ്റുമുട്ടലുകളുടെ’ ഒരു പരമ്പരയായും സമൂലവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിക ഗ്രൂപ്പുകളേക്കാള്‍ വിഭവങ്ങള്‍ക്കായുള്ള മത്സരത്തിന്റെ ഫലമായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുവെന്നും എന്നാലിത് ശരിയല്ലെന്നും മതസ്വാതന്ത്ര്യപ്രവര്‍ത്തകര്‍ പറയുന്നു.
‘നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ വിമര്‍ശിക്കാതിരിക്കുക എന്ന ബൈഡന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തെ വിശാലമായ അജണ്ട റിപ്പോര്‍ട്ട് പ്രകടമാക്കുന്നു. ഈ ഭീകരമായ ആക്രമണങ്ങള്‍ ഹമാസ് ഭീകരരുടെ ആക്രമണങ്ങള്‍പോലെതന്നെ രക്തരൂക്ഷിതവും അപകടകരവുമാണ്. എങ്കിലും അത് തടയാന്‍ ആരും ശ്രമിക്കുന്നില്ല. ആക്രമണത്തിനു വിധേയരായ ക്രിസ്ത്യാനികള്‍ പ്രതിരോധമില്ലാത്തവരാണ്. അവര്‍ക്ക് അവരുടെ സ്വന്തം ഗവണ്‍മെന്റുകളില്‍നിന്നുപോലും സംരക്ഷണം ലഭിക്കുന്നില്ല. കൂടാതെ, അവര്‍ക്ക് സ്വന്തമായി സൈന്യബലം അവകാശപ്പെടാനുമില്ല. അതിനാല്‍, അവര്‍ വളരെ ദുര്‍ബലരാണ്’ – ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മതസ്വാതന്ത്ര്യകേന്ദ്രത്തിന്റെ ഡയറക്ടര്‍ നീന ഷിയ വെളിപ്പെടുത്തി.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നൈജീരിയ. നൈജീരിയന്‍ ജനസംഖ്യയുടെ പകുതിയോളം – 111 ദശലക്ഷത്തിലധികം ആളുകള്‍ – ക്രിസ്ത്യാനികളാണ്. ഇതൊക്കെയാണെങ്കിലും, നൈജീരിയന്‍ സര്‍ക്കാരില്‍ മുസ്ലീങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ പല സംസ്ഥാനങ്ങളും ശരിയത്ത് നിയമത്തിന്‍കീഴിലാണു പ്രവര്‍ത്തിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലായി തീപിടുത്തത്തിനു വിധേയമാവുകയും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ, ഫുലാനി വംശീയഗോത്രത്തിലെ റാഡിക്കല്‍ ഗ്രൂപ്പുകള്‍ എന്നിവയുടെ അതിക്രമങ്ങള്‍ക്ക് ഇരകളാവുകയും ചെയ്യുന്നു.