നൈജീരിയയിലെ സ്കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാര്‍ഥികളെ മോചിപ്പിച്ചതായി കഡൂണ ഗവര്‍ണര്‍ ഉബ സാനി പ്രസ്താവനയിലൂടെ അറിയിച്ചു. മാര്‍ച്ച് ഏഴിനാണ് നൈജീരിയന്‍ സംസ്ഥാനമായ കഡൂണയിലെ വടക്കുകിഴക്കന്‍ പ്രദേശമായ കുരിങ്ങയിലെ സ്കൂളില്‍ അസംബ്ലി നടക്കുന്നതിനിടെ കുട്ടികളെയും ജീവനക്കാരെയും തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വംനല്‍കിയത് നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേശകനാണെന്നല്ലാതെ ഗവര്‍ണര്‍ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബൈക്കിലെത്തിയ തോക്കുധാരികള്‍ എട്ടിനും 15-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെയും ഒരു അധ്യാപികയെയുമാണ് തട്ടിക്കൊണ്ടുപോയത്. 187 സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും 125 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.
ആഫ്രിക്കയിലെ ഏറ്റവുംവലിയ ജനവാസ മേഖലയായ നൈജീരിയയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2021-ല്‍ 150 സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. തീവ്രവാദ സംഘടനയായ ബോക്കോ ഹറാം ആണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതേ സംഘടന പത്തുവര്‍ഷം മുന്‍പ് നൈജീരിയന്‍ സംസ്ഥാനമായ ബൊര്‍ണോയിലെ ഒരു സ്കൂളില്‍ നിന്ന് 276 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇതില്‍ പലരെയും ഇപ്പോഴും മോചിപ്പിച്ചിട്ടില്ല.