തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ജൂണ്‍ അഞ്ചിന് ഒന്‍ഡോ സ്റ്റേറ്റിലെ ഒവോ ടൗണിലെ സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ ദൈവാലയത്തില്‍ സ്ഫോടകവസ്തുക്കളുമായി തോക്കുധാരികള്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തി. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ ദൈവാലയത്തിലെ പ്രാര്‍ത്ഥനക്കിടെ നടന്ന ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയില്‍ ഒരു മാസം തന്നെ നിരവധി ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്നത്.
കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും വാര്‍ത്തകള്‍ ഇവിടെ നിത്യസംഭവമായി മാറുന്നു. സര്‍ക്കാര്‍ പലപ്പോഴും ഈ ആക്രമണങ്ങളോട് മൗനം പാലിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടു മാത്രം പ്രസിഡന്റ് ഈ ആക്രമണത്തെ അപലപിച്ചു സംസാരിച്ചു. പലതും ഇവിടെ വാര്‍ത്തകളേ ആകുന്നില്ല. കൊല്ലപ്പെടുന്നവരുടെ എണ്ണം കൃത്യമായി എത്രയെന്നു പോലും പുറംലോകം അറിയുന്നില്ല. പരിക്കേറ്റവരും കാണാതാകുന്നവരും വളരെയേറെപ്പേര്‍. നൈജീരിയയില്‍ നിന്നും ഉയരുന്ന നിഷ്കളങ്കരായ ക്രൈസ്തവരുടെ നിലവിളി കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.
വാര്‍ത്തകളില്‍ ഇടംപിടിക്കാത്ത ക്രൈസ്തവ കൂട്ടക്കുരുതി
നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെ കൊലപാതക പരമ്പരകള്‍ തന്നെ അരങ്ങേറിയിട്ടും ആഗോളതലത്തില്‍ ഈ സംഭവങ്ങള്‍ വാര്‍ത്തകളേ ആകുന്നില്ല. അപ്രധാനമായ കാര്യങ്ങള്‍ വലിയ ചര്‍ച്ചാവിഷയമാക്കുന്ന സോഷ്യല്‍ മീഡിയയില്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന കൂട്ടക്കുരുതി ഇടംപിടിക്കുന്നതേ ഇല്ല.
ആഴ്ചതോറും നൈജീരിയയിലെ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു. നിരവധി വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടു പോകുന്നത് തുടരുന്നു. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ, വാര്‍ത്തയാവുകയോ ചെയ്യുന്നില്ല. പുറംലോകം അറിയാതെ നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളും ആക്രമണങ്ങളും ലോകം അറിയണം. ഇവിടെ നിഷ്കളങ്കരായ അനേകരുടെ രക്തം ചിന്തപ്പെടുന്നത് ലോകത്തില്‍ ചര്‍ച്ചയാവേണ്ട വിഷയം തന്നെയാണ്.
ജൂണ്‍ അഞ്ചിന്, പന്തക്കുസ്താ തിരുനാള്‍ ദിനമായിരുന്നു ഇത്തവണ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്തിനായിരുന്നു ആക്രമണം നടന്നതെന്നോ, കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്കുകളോ വ്യക്തമല്ല. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഈ നികൃഷ്ടമായ കൊലപാതകത്തെ അപലപിച്ചു.
‘വളരെ നീചവും പൈശാചികവുമായ ആക്രമണമായിരുന്നു അവിടെ നടന്നത്. പള്ളിക്കകത്ത് വലിയ സ്ഫോടനവും വെടിയൊച്ചയും കേട്ടപ്പോള്‍ ഞാന്‍ ആ പ്രദേശത്തു കൂടി കടന്നുപോവുകയായിരുന്നു. സംഭവം കണ്ട് ഭയത്തോടെ ഓടിയ ഞാന്‍, പള്ളിവളപ്പില്‍ ആയുധധാരികളായ അഞ്ചോളം അക്രമികളെ കണ്ടു’ – ആക്രമണം നടക്കുമ്പോള്‍ സംഭവസ്ഥലത്തു കൂടി കടന്നുപോയ ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നു.
ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ കണ്ണടക്കുന്ന രാഷ്ട്രീയ അധികാരികള്‍
അധികാരം നിലനിര്‍ത്താനും സമ്പത്തിനും വേണ്ടി പാവപ്പെട്ട ജനങ്ങളെ കുരുതി കൊടുക്കുന്ന സ്ഥിതിവിശേഷമാണ് നൈജീരിയയില്‍ നടക്കുന്നതെന്ന് പറയാതെ വയ്യ. മതവിധ്വേഷം ആരോപിച്ച് സഹപാഠികളാല്‍ കൊലചെയ്യപ്പെട്ട ഡെബോറ എന്ന പെണ്‍കുട്ടിക്കും നേരിടേണ്ടി വന്നത് ഈ നീതിനിഷേധം തന്നെയല്ലേ. കണ്മുന്പില് കൊലയാളികള്‍ ഉണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല. അറസ്റ്റ് ചെയ്ത രണ്ടു പേരെ മോചിപ്പിക്കാന്‍ പിന്നീട് അവിടെ നടന്നത് അക്രമപരമ്പര തന്നെയായിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ പാവയായി സര്‍ക്കാരും പോലീസും മാറിയതിന്റെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ് അടുത്തിടെ നടന്ന ഈ സംഭവം. ഇരകള്‍ വീണ്ടും വീണ്ടും ഇരകളായി മാറുന്നതല്ലാതെ ഇവിടെ മറ്റൊന്നും സംഭവിക്കുന്നില്ല.
അന്‍പതു പേരെ കൊലപ്പെടുത്തിയ അക്രമികളെ കണ്ടെത്താന്‍ സുരക്ഷാസേനയോട് അഭ്യര്‍ത്ഥിച്ചുവെന്നും ഒന്‍ഡോ സംസ്ഥാന ഗവര്‍ണര്‍ ഒലുവാരോട്ടിമി അകെരെഡോലു പറയുന്നു. എങ്കിലും നൈജീരിയയില്‍ തുടര്‍ക്കഥയാകുന്ന തീവ്രവാദ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് ആയിരങ്ങളാണ്. ആക്രമണങ്ങള്‍ മാത്രമല്ല ഇവിടെ പതിവാകുന്നത്. ഗ്രാമങ്ങള്‍ റെയ്ഡ് നടത്തി ആളുകളെ കൂട്ടത്തോടെ തട്ടിക്കൊണ്ടു പോകുന്നു. ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കല്‍, കൃഷി നശിപ്പിക്കല്‍, സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കു നടക്കുന്ന അതിക്രമങ്ങള്‍ എന്നിവയൊക്കെ നൈജീരിയയില്‍ നിന്നുമുയരുന്ന പീഡനത്തിന്റെ കരളലിയിക്കുന്ന വാര്‍ത്തകളാണ്.
നൈജീരിയയില്‍ കത്തോലിക്കാ സമൂഹം നേരിടുന്ന ക്രൂരതകളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ കൊല്ലപ്പെടുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ വിശ്വാസത്തെപ്രതി കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. ക്രിസ്തുവിനെപ്രതി ജീവന് ത്യജിച്ച ഇവരുടെ ത്യാഗത്തിന് സ്വര്‍ഗത്തോളം വിലയുണ്ട് എന്നത് തീര്‍ച്ചയാണ്.