Tuesday, November 26, 2024

നൈജറിന്റെ വ്യോമാതിര്‍ത്തി പൂർണ്ണമായും അടച്ചു: നീക്കം ഇക്കോവാസിന്‍ന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്

നൈജറിന്റെ ഭരണം പിടിച്ചടക്കിയതിനുപിന്നാലെ വ്യോമാതിർത്തി പൂർണ്ണമായും അടച്ച് രാജ്യത്തെ പട്ടാളഭരണകൂടം. സൈനിക ഇടപെടൽ നടത്തുമെന്ന, പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ് മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് നീക്കം. ദേശീയ ടെലിവിഷനിലൂടെ സൈനികവക്താവാണ് വ്യോമാതിർത്തി അടച്ചതായി അറിയിച്ചത്.

ജൂലൈ 26-ന് അധികാരം പിടിച്ചെടുത്ത സൈന്യത്തോട് പ്രസിഡന്റ് ഭരണം പുനഃസ്ഥാപിക്കാൻ ഇക്കോവാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറായില്ലെങ്കിൽ നൈജർ സൈനിക നടപടി നേരിടേണ്ടിവരുമെന്നും അന്താരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കൂട്ടായ്മ നൽകിയ സമയപരിധി അവസാനിച്ചിട്ടും നൈജറിലെ സൈനികനേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തിലാണ് വ്യോമാതിര്‍ത്തി അടച്ചതായി സൈനികവക്താവ് അറിയിച്ചത്. ”മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സൈനിക ഇടപെടല്‍ ഉണ്ടാകുമെന്ന ഭീഷണിമൂലം രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചിടുന്നു” – സൈനികവക്താവ് അറിയിച്ചു.

അതേസമയം, പുറത്താക്കിയ പ്രസിഡന്റിനെക്കുറിച്ചോ, എന്തെങ്കിലും പ്രതിരോധനടപടികൾ സ്വീകരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചോ വക്താവ് വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ നൈജറിലെ പൗരന്മാരുടെ പിന്തുണയോടെ പ്രതിരോധ – സുരക്ഷാസേനകളും സായുധസേനകളും രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് വക്താവ് പറഞ്ഞു. അതിർത്തിമേഖലകളിൽ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, നൈജറിലെ സ്ഥിതിഗതികൾ ഇക്കോവാസിന്റെ പ്രതിരോധവിഭാഗം വിലയിരുത്തുകയാണ്. നൈജർ വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ ഇനി മുന്നോട്ടുള്ള നടപടികൾ എങ്ങനെയെന്നും കൂട്ടായ്മ പുറത്തുവിട്ടിട്ടില്ല.

Latest News