Friday, April 4, 2025

നിമിഷയ്ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സംഘത്തിന് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

2017ല്‍ യമന്‍ പൗരനായ തലാല്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു.

വിചാരണക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ നിമിഷ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് തള്ളുകയായിരുന്നു.

 

Latest News