തെക്കുകിഴക്കൻ യു എസിലെ ചില ഭാഗങ്ങളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് ഒൻപതു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെയും കാറുകളിൽ കുടുങ്ങിയ നിരവധി പേരെയും രക്ഷപെടുത്തി. കെന്റക്കി, ജോർജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. സെപ്റ്റംബറിൽ ഹെലീൻ ചുഴലിക്കാറ്റിൽനിന്ന് ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതാണ്.
കെന്റക്കിയിലാണ് കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കെന്റക്കിയിലെ ചില ഭാഗങ്ങളിൽ 6 ഇഞ്ച് (15 സെന്റീമീറ്റർ) വരെ മഴ ലഭിച്ചതായി നാഷണൽ വെതർ സർവീസ് (NWS) കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. 300 ലധികം റോഡുകൾ അടച്ചുപൂട്ടി.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയെ (ഫെമ) അധികാരപ്പെടുത്തി.
വെള്ളപ്പൊക്കത്തിന്റെ ഭീകരത ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.