ലെബനനിലുടനീളം ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജർ പൊട്ടിത്തെറിച്ച് ഒൻപതു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂവായിരത്തോളം പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് അറിയിച്ചു. സംഭവത്തിനു പിന്നിൽ ഇസ്രായേലാണെന്ന ആരോപണം വ്യാപകമായിരിക്കുകയാണ്.
ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ നിർത്തലാക്കുകയെന്നതാണ് തങ്ങളുടെ പ്രധാന യുദ്ധലക്ഷ്യമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു മണിക്കൂറുകൾക്കു ശേഷമാണ് സ്ഫോടനപരമ്പര ഉണ്ടായത്. ആക്രമണത്തിൽ 200-ഓളം പേരുടെ നില ഗുരുതരമാണെന്ന് ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വൈകുന്നേരം പത്രസമ്മേളനത്തിൽ പറഞ്ഞു.
തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യേക വ്യോമാക്രമണത്തിൽ ഉൾപ്പെടെ 12 ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇവർ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് പേജർ പൊട്ടിത്തെറിച്ചുള്ള ആക്രമണം നടന്നത്. സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ ഇസ്രയേൽ സൈന്യം തയ്യാറായിട്ടില്ല.
മരിച്ചവരിൽ ഒരു ഹിസ്ബുള്ള നിയമനിർമ്മാതാവ് ലെബനൻ എം. പി. അലി അമ്മാറിന്റെ മകനും തീവ്രവാദ ഗ്രൂപ്പിലെ അംഗത്തിന്റെ 10 വയസ്സുള്ള മകളും ഉൾപ്പെടുന്നുവെന്ന് ലെബനീസ് വൃത്തങ്ങൾ അറിയിച്ചു. പിതാവിന്റെ അരികിൽ നിൽക്കുമ്പോൾ പേജർ പൊട്ടിത്തെറിച്ചാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് അവളുടെ കുടുംബവും ഹിസ്ബുള്ളയുമായി അടുത്ത വൃത്തങ്ങളും പറഞ്ഞു.