2023 ഒക്ടോബറില്‍ ഇസ്രായേല്‍- ഗാസ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ഗാസ മുനമ്പിലെ പത്തില്‍ ഒന്‍പത് പേര്‍ക്കും രാജ്യത്തിനകത്ത് ഒരു തവണയെങ്കിലും പലായനം ചെയ്യേണ്ടതായ അവസ്ഥ വന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്നിന്റെ എജന്‍സി ഒസിഎച്ച്എയുടെ മേധാവി ആന്‍ഡ്രിയ ഡി ഡൊമെനിക്കോ പറഞ്ഞു. ജീവന്‍ രക്ഷിക്കാനായി പലതവണ പലായനം ചെയ്യേണ്ടി വന്ന നിരവധി ആളുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും ഡൊമെനിക്കോ ചൂണ്ടിക്കാണിച്ചു.
ഗാസയില്‍ ഏകദേശം 19 ലക്ഷം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. നേരത്തെ 17 ലക്ഷമായിരുന്നു യുഎന്നിന്റെ കണക്ക്. റാഫയില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് കണക്ക് വര്‍ധിച്ചതെന്ന് ഒസിഎച്ച്എ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഈ അവസ്ഥ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിന്റെ സൈനിക നടപടികളെ തുടര്‍ന്ന് ഗാസ മുനമ്പ് രണ്ടായി വിഭജിക്കപ്പെട്ടു. പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് മൂന്ന് മുതല്‍ മൂന്നര ലക്ഷം വരെ ആളുകള്‍ താമസിക്കുന്നുണ്ട്. ഇവര്‍ തെക്ക് ഭാഗത്തേക്ക് പോകാന്‍ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. വംശഹത്യ ആരംഭിച്ചതു മുതല്‍, മെയ് ആദ്യം ഈജിപ്തിലേക്കുള്ള റഫ ക്രോസിങ് അടയ്ക്കുന്നത് വരെ ഏകദേശം 1,10,000 ആളുകള്‍ ഗാസ മുനമ്പ് വിട്ട് ഈജിപ്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറി എന്നും ഡൊമെനിക്കോ പറഞ്ഞു.