Monday, November 25, 2024

ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ നിരാകരിച്ച് കൊണ്ട് പ്രതികരിക്കവെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം. 1947 മുതല്‍ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും എന്നാല്‍ പാകിസ്ഥാനില്‍ എല്ലാവിഭാഗത്തിലുള്ള ന്യൂനപക്ഷങ്ങളും നശിപ്പിക്കപ്പെടുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഒരു സാധാരണ ജീവിതം നയിക്കാന്‍ മുസ്ലീം വിഭാഗത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാഷിംഗ്ടണിലെ പീറ്റര്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റായ ധാരണകള്‍ സൃഷ്ടിച്ചവരോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ സന്ദര്‍ശിച്ച ശേഷം ഇത്തരം പ്രചരണത്തിന് വിശദീകരണം നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.

‘ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ധിക്കുകയാണ്. പല എഴുത്തുകളിലും മുസ്ലീങ്ങളുടെ ജീവിതം ദുഷ്‌കരമായി എന്നാണ് പറയുന്നത്. അതില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ ഈ സ്ഥിതി ഇന്ത്യയില്‍ സംഭവിക്കുമോ?. 1947 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ മുസ്ലീം ജനസംഖ്യ ഇന്ന് വര്‍ധിക്കുമായിരുന്നോ? ഇന്ത്യയില്‍ എല്ലാ മുസ്ലീങ്ങളും അവരുടെ ബിസിനസ്സ് ചെയ്യുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. സര്‍ക്കാര്‍ അവര്‍ക്ക് ഫെല്ലോഷിപ്പുകളും നല്‍കുന്നു’. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Latest News