നൈട്രേറ്റ് ഓക്സൈഡ് വാതക ചോർച്ചയെ തുടർന്നു ദക്ഷിണാഫ്രിക്കയിൽ 16 മരണം. ബോക്സ്ബർഗിലെ ചേരിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം.
അനധികൃത സ്വർണ ഖനന പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗിച്ചിരുന്ന നൈട്രേറ്റ് ഓക്സൈഡ് അടങ്ങിയ സിലിണ്ടറിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്. ഉപേക്ഷിക്കപ്പെട്ട ഖനികളില്‍ നിന്ന് മണ്ണ് എടുക്കുകയും ഇതില്‍ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനും തൊഴിലാളികള്‍ നൈട്രേറ്റ് ഓക്സൈഡ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്നും നൈട്രേറ്റ് ഓക്സൈഡ് ചോരുകയായിരുന്നു.
വിഷ വാതകം ശ്വസിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് എമർജൻസി സർവീസ് വക്താവ് വില്യം നറ്റ്ലാഡി പറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് ഖനിത്തൊഴിലാളികളാണ് ഇത്തരം കാലഹരണപ്പെട്ട ഖനികളിൽ ജോലി ചെയ്യുന്നത്.