ഉക്രൈൻ യുദ്ധം കാരണം ഇന്ത്യയിൽ തിരിച്ചെത്തിയ ഇരുപതിനായിരത്തിലധികം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി തുടർപഠനത്തിന് അനുമതി. പഠനം തുടരാനുള്ള ഉക്രൈൻ സർവ്വകലാശാലകളുടെ ബദൽ നിർദേശം ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ യുക്രൈനിന് പുറത്ത് മറ്റ് രാജ്യങ്ങളിൽ വിദ്യാർഥികൾക്ക് പഠനം തുടരാൻ കഴിയും.
ഉക്രൈനിലെ സർവ്വകലാശാലകളിൽ വിദ്യാർഥികളായി തുടർന്ന് മറ്റ് രാജ്യത്ത് പഠനം പൂർത്തിയാക്കാം എന്ന സാധ്യതയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് ലഭിക്കുക. ഇതിനു സൗകര്യമൊരുക്കുക നിലവിൽ പഠിക്കുന്ന സർവ്വകലാശാലയായിരിക്കും. എന്നാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി ഇക്കാര്യത്തിൽ ആവശ്യമായിരുന്നു. അതു കൂടി ലഭിച്ചതോടെ പുതിയ സെമസ്റ്ററിൽ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാൻ കഴിയും.
ഉ ക്രൈൻ മുന്നോട്ട് വെച്ച അക്കാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നൽകേണ്ട എന്ന് നേരത്തേ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചിരുന്നു. ഇതോടെ, യുദ്ധം കാരണം ഇന്ത്യയിൽ മടങ്ങിയെത്തിയ ഇരുപതിനായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി. പഠന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വിദേശ കാര്യ മന്ത്രാലയവുമായിക്കൂടി ചർച്ച നടത്തി മെഡിക്കൽ കൗൺസിൽ അക്കാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നൽകിയത്.