Friday, April 11, 2025

ഇനി മാസ്‌കില്ലെങ്കിലും കേസില്ല; ആള്‍ക്കൂട്ടവും നിയന്ത്രിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. കോവിഡ് പ്രതിരോധത്തിനായി 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നടപടികള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചു.

മാസ്‌ക് ധരിക്കാത്തതിനും ആള്‍ക്കൂട്ട നിയന്ത്രങ്ങള്‍ ലംഘിക്കുന്നതിനും ദുരന്ത നിവാരണ നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാല്‍, ആരോഗ്യമന്ത്രാലയം പറഞ്ഞിട്ടുള്ള മാസ്‌ക് ഉപയോഗം, സാനിറ്റൈസഷന്‍, കൈകഴുകാന്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് അതനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയാന്‍ 2020 മാര്‍ച്ച് മുതലാണ് മാസ്‌ക് ഉപയോഗവും കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25ന് അവസാനിക്കും. ഇതിനു ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഒഴിവാക്കാത്തതാണു നല്ലതെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കും.

 

Latest News