ശ്രീലങ്ക അതിന്റെ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍, രാജ്യത്ത് വില്‍പ്പന നികുതി വര്‍ധിപ്പിക്കുകയല്ലാതെ കരകയറാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ശ്രീലങ്കന്‍ ധനമന്ത്രി, അലി സാബ്രി പറഞ്ഞു.
2019 ല്‍ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നിരക്ക് ഏകദേശം പകുതിയായി, കൃത്യമായി പറഞ്ഞാല്‍, 8% ആയി കുറച്ചതോടെ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് ബിബിസിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അലി സാബ്രി സമ്മതിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
‘നികുതി ഉയര്‍ത്തുന്നത് ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും നമുക്ക് നികുതി വര്‍ധിപ്പിക്കണം. വരുമാനവും ചെലവും തമ്മിലുള്ള അന്തരവ് നികത്താനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്’. അദ്ദേഹം പറഞ്ഞു.
അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്ക പോലുള്ള ഒരു രാജ്യത്തിന് നിലവിലെ വാറ്റ് തീര്‍ച്ചയായും സുരക്ഷിതമല്ല എന്നും നിരക്ക് 13% അല്ലെങ്കില്‍ 14% ആയി ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോതബയ രാജപക്സെ പ്രസിഡന്റായതിന് തൊട്ടുപിന്നാലെ 2019 ല്‍ നികുതി വെട്ടിക്കുറയ്ക്കാനുള്ള നീക്കം തെറ്റായിപ്പോയെന്നും അദ്ദേഹം സമ്മതിച്ചു.
അടുത്ത വര്‍ഷത്തോടെ രാജ്യത്തിന് അതിന്റെ അന്താരാഷ്ട്ര കടക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയുമെന്ന് മിസ്റ്റര്‍ സാബ്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ഒരു സമയപരിധി നല്‍കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അത് എത്രയും വേഗം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.