Monday, November 25, 2024

“ഡല്‍ഹി വേണ്ടേ നമുക്ക് മുംബൈക്കാരായി തുടരാം”: പടക്കം പൊട്ടിക്കുന്നതിന് മുംബൈയില്‍ നിയന്ത്രണം

ദീപവലിദിനത്തില്‍ മുംബൈയില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയം മൂന്നിൽനിന്ന് രണ്ടു മണിക്കൂറായി കുറച്ചു. നഗരത്തിലെ ചില മേഖലകളില്‍ രൂക്ഷമായ വായുമലിനീകരണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിനു നല്‍കിയത്.

“ഡല്‍ഹി വേണ്ടേ നമുക്ക് മുംബൈക്കാരായി തുടരാം. അതിനാല്‍ ദീപവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയം മൂന്നില്‍നിന്നും രണ്ടുമണിക്കൂറായി ചുരുക്കാന്‍ നിര്‍ദേശിക്കുകയാണ്” – ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ പറഞ്ഞു. നഗരത്തില്‍ വായൂമലിനീകരണം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതൽ ഫലപ്രദമായ നടപടികളുടെ ആവശ്യകത വേണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. സമീപകാലത്ത് പെയ്ത മഴ നഗരത്തിലെ വായൂഗുണനിലവാരസൂചിക (എ.ക്യു.ഐ) മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ബെഞ്ച് വിലയിരുത്തി.

പടക്കം പൊട്ടിക്കുന്നതിന് ആദ്യം മൂന്നുമണിക്കൂർ (രാത്രി ഏഴുമണി മുതൽ 10 വരെ) അനുവദിച്ച ബെഞ്ച്, നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രി എട്ടുമണി മുതൽ 10 വരെയായി സമയപരിധി പുതുക്കുകയായിരുന്നു. അവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കുള്ള നവംബർ ആറിലെ നിരോധനം ബെഞ്ച് നിലനിർത്തിയെങ്കിലും നിർമ്മാണസാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് അനുമതി നൽകി.

Latest News