എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങളില്‍ ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്രക്ക് ഇളവില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് എളമരം കരീം എംപിയും കത്ത് നല്‍കി. ഇതിനു നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
നേരത്തെ കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്‌താൽ പിഴ ഈടാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.