Sunday, April 20, 2025

ഹിജാബ് ധരിക്കാത്ത പോസ്റ്റര്‍ പുറത്തുവിട്ടു: ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍

ഹിജാബ് ധരിക്കാത്ത നടിയുടെ പോസ്റ്റർ പുറത്തുവിട്ടതിനെ തുടർന്ന് ഫിലിം ഫെസ്റ്റിവൽ നിരോധിച്ച് ഇറാൻ ഭരണകൂടം. ഷോർട്ട് ഫിലിം അസോസിയേഷൻ (ഐഎസ്എഫ്എ) സംഘടിപ്പിക്കുന്ന 13-ാം എഡീഷൻ ഫിലിം ഫെസ്റ്റിവലിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഫെസ്റ്റിവൽ നിരോധിച്ച ഇറാൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉത്തരവിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഫിലിം ഫെസ്റ്റിവലിൻറെ പോസ്റ്ററിൽ, 1982ൽ പുറത്തിറങ്ങിയ ദി ഡെത്ത് ഓഫ് യാസ്ജെർഡ് എന്ന ചിത്രത്തിലെ ഇറാനിയൻ നായിക സൂസൻ തസ്ലിമിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പോസ്റ്ററിൽ നടി ഹിജാബ് ധരിച്ചിരുന്നില്ല. ഈ മാസം മുതൽ സ്ത്രീകൾ ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, സദാചാര പോലീസ് പട്രോളിങ് പുനഃരാരംഭിച്ചതിനു പിന്നാലെയാണ് ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രം ഫിലിം ഫെസ്റ്റിവൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്നാണ് ഭരണകൂടം ഫെസ്റ്റിവൽ നിരോധിച്ച് ഉത്തരവിറക്കിയത്.

വനിതാ ജീവനക്കാരുടെ ശിരോവസ്ത്രം ധരിക്കാത്ത ചിത്രങ്ങളുടെ പേരിൽ ഇ-കൊമേഴ്സ് കമ്പനിയായ ഡിജികലയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. പൊതുപരിപാടിയിൽ ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ചലച്ചിത്രതാരം അഫ്സനെ ബയേഗന് രണ്ട് വർഷത്തെ തടവും കോടതി വിധിച്ചിരുന്നു. ശരീഅത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണം നിർബന്ധമാക്കിയ രാജ്യമാണ് ഇറാൻ. ഇതേതുടർന്ന് 1983 മുതൽ ഇറാനിൽ സ്ത്രീകൾ തലയും കഴുത്തും മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നത് തുടർന്നുവരികയായിരുന്നു.

Latest News