Sunday, November 24, 2024

ജമ്മു കശ്മീരില്‍ തദ്ദേശ പ്രതിനിധികളും ഇല്ലാതാകുന്നു

നിലവില്‍ നിയമസഭാ പ്രാതിനിധ്യം ഇല്ലാത്ത ജമ്മു കശ്മീരില്‍ തദ്ദേശ പ്രതിനിധികളും ഇല്ലാതാകുന്നു. മുപ്പതിനായിരത്തോളം തദ്ദേശ പ്രതിനിധികളുടെ അഞ്ച് വര്‍ഷ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. വാര്‍ഡ് പുനര്‍നിര്‍ണയം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് വ്യക്തമല്ല.

2018 അവസാനമാണ് ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 27,281 പഞ്ചുകളും (പഞ്ചായത്ത് അംഗങ്ങള്‍), സര്‍പഞ്ചുമാരും (ഗ്രാമത്തലവന്മാര്‍) തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി 10-നായിരുന്നു സത്യപ്രതിജ്ഞ. നിലവില്‍ 12,776 സര്‍പഞ്ച്-പഞ്ച് സീറ്റുകളില്‍ ഒഴിവുണ്ട്.

ജനപ്രതിനിധികളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ ജനുവരി 10 മുതല്‍ ഓരോ പഞ്ചായത്തിനും അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് വിതരണം നില്‍ക്കുമെന്ന് ജമ്മു കശ്മീര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ അനില്‍ ശര്‍മ പറഞ്ഞു.

ബുധനാഴ്ചമുതല്‍ ആറ് എംപിമാരും 20ഓളം ജില്ലാ വികസന കൗണ്‍സിലുകളും മാത്രമേ ജമ്മുകശ്മീരില്‍ ഉണ്ടാകൂ. എംപിമാരില്‍ ഒരാള്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. ബിജെപി- പിഡിപി സര്‍ക്കാര്‍ തകര്‍ന്ന് നിയമസഭ പിരിച്ചുവിട്ടതോടെ 2018 ജൂണ്‍മുതല്‍ ജമ്മുകശ്മീരില്‍ കേന്ദ്രഭരണമാണ്.

 

Latest News