Monday, November 25, 2024

ലാമിനേഷൻ പേപ്പര്‍ ഇറക്കുമതിചെയ്യാന്‍ പണമില്ല: പാക്കിസ്ഥാനില്‍ പാസ്‌പോർട്ട് പ്രിന്റിങ് നിര്‍ത്തിവച്ചു

സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്ന പാക്കിസ്ഥാനില്‍ പാസ്‌പോർട്ട് പ്രിന്റിങ് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള ലാമിനേഷൻ പേപ്പര്‍ ഇറക്കുമതിചെയ്യാനുള്ള പണത്തിന്റെ അഭാവമാണ് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദി എക്‌സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഫ്രാൻസിൽനിന്നും ഇറക്കുമതിചെയ്യുന്ന ലാമിനേഷൻ പേപ്പർ പാസ്‌പോർട്ടിലെ ഒരു പ്രധാനഘടകമാണ്. എന്നാല്‍, കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന രാജ്യത്ത് ലാമിനേഷൻ പേപ്പർ ഇറക്കുമതിചെയ്യാന്‍ പാക്കിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഇത് രാജ്യവ്യാപകമായി പാസ്‌പോർട്ട് ക്ഷാമത്തിന് ഇടയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, പ്രതിദിനം മൂവായിരം മുതല്‍ നാലായിരം പാസ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നയിടത്ത് നിലവില്‍ 12 പാസ്പോര്‍ട്ടുകള്‍ മാത്രമേ നല്‍കാന്‍ കഴിയുന്നുള്ളൂ എന്നും ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടിൽ പറയുന്നു.

പ്രതിസന്ധി പരിഹരിക്കാൻ പാക്കിസ്ഥാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ മീഡിയ ഡയറക്ടർ ജനറൽ ഖാദിർ യാർ തിവാന പറഞ്ഞു. എന്നാൽ, യാത്രാരേഖകൾ ലഭിക്കാത്തതിനാൽ ആളുകൾ നിരാശയിലാണ്.

Latest News