ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്. ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴത്തുക 2000 ത്തില്‍ നിന്ന് 500 ആയി കുറയ്ക്കുകയും ചെയ്തു. ഒറ്റക്ക് കാറോടിച്ച് പോകുന്നവര്‍ക്കൊഴികെ ബാക്കിയെല്ലാ യാത്രക്കാര്‍ക്കും ഇതുവരെ കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമായിരുന്നു.
തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂകളും പിന്‍വലിക്കും. ഇതുവഴി കടകള്‍ക്കും റെസ്റ്ററന്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അര്‍ദ്ധരാത്രി വരെ തുറന്നുപ്രവര്‍ത്തിക്കാനാവും. ഈ മാസം 28 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.
കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി രണ്ടാംവാരത്തോടെ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ കേരളത്തിലും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പരിഗണനയിലുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാന്‍ വൈകുമെങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ മാറ്റുന്നതാണ് നിലവില്‍ ആലോചിക്കുന്നത്. മൂന്നാംതരംഗ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ രൂക്ഷാമാകാതെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനായെന്നാണ് വിലയിരുത്തല്‍.