കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് പ്രമുഖ മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്ഫോമായ എക്സില്‍ വിഡിയോ, ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിച്ചു. പ്ലാറ്റ്ഫോമിന്റെ സി.ഇ.ഒ, ലിന്‍ഡാ യാക്കരിനോയുടെ എക്സിലെ പോസ്റ്റിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കമ്പനി ഇതുവരെ ഔദ്യോഗികപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്‌തശേഷം ഉപയോക്താക്കൾക്ക് ഓഡിയോ, വീഡിയോ കോളുകള്‍ക്കുള്ള ഓപ്ഷൻ ലഭ്യമാണ്.
എക്സ് സി.ഇ.ഒ ലിന്‍ഡാ യാക്കരിനോ, പ്ലാറ്റഫോമിലെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാഴാഴ്ച പുലര്‍ച്ചെ പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീഡിയോ, ഓഡിയോ ഫീച്ചറുകള്‍ എക്സ് അവതരിപ്പിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. മെറ്റയുടെ വാട്സ്ആപ്പിനു സമാനമായി വീഡിയോ, ഓഡിയോ കോള്‍ ഫീച്ചറുകള്‍ എക്സില്‍ വരുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും എന്നുമുതലെന്ന് അറിയിച്ചിരുന്നില്ല. അതേസമയം, ഉപയോക്താക്കള്‍ ഈ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന് താത്പര്യവും പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫീച്ചര്‍ അവതരിപ്പിച്ചതെന്നാണ് വിവരം.
ഓഡിയോ, വീഡിയോ കോളുകൾ എങ്ങനെ ചെയ്യാം?
ഓഡിയോ, വീഡിയോ കോളിംഗ് ഫീച്ചര്‍ ലഭ്യമാകാന്‍ ആദ്യം എക്സ് ആപ് അപ്‌ഡേറ്റ് ചെയ്യുക, തുടർന്ന് സെറ്റിംഗ്സില്‍ പോയി പ്രൈവസി ആന്‍ഡ് സേഫ്റ്റി ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ഡയറക്റ്റ് മെസെജ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ഓഡിയോ, വീഡിയോ കോളിംഗ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യാം. അവസാനമായി, ഉപയോക്താക്കളുടെ ഏതെങ്കിലും സുഹൃത്തുകളുടെ
ചാറ്റ് ബോക്സ് (DM) എടുത്താല്‍ അവിടെ, മുകളിൽ വലതുവശത്ത് ഫോൺ ഐക്കണും കാണാന്‍ കഴിയും.