വിമാനയാത്രകളില്‍ കുട്ടികളുടെ കുസൃതികള്‍ മറ്റുളളവരെ ശല്യപ്പെടുത്തുമെന്ന പേടി ഇനി മാതാപിതാക്കള്‍ക്കു വേണ്ട. കുട്ടികള്‍ക്കായി ചൈല്‍ഡ് ഫ്രീ ക്യാബിന്‍ സംവിധാനം അവതരിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് പ്രമുഖ വിമാനക്കമ്പനികള്‍. ടര്‍ക്കിഷ് കമ്പനിയായ കോറെന്‍ഡണിന്റേതാണ് ചൈല്‍ഡ് ഫ്രീ ക്യാബിന്‍ എന്ന ആശയം.
“ചൈല്‍ഡ് ഫ്രീ ക്യാബിന്‍ അവതരിപ്പിക്കുന്നത് കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ഉപകാരപ്രദമാണ്. കുട്ടി കരയുകയാണെങ്കില്‍ സഹയാത്രികരുടെ പ്രതികരണങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല” – കോറെന്‍ഡണ്‍ എയര്‍ലൈന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്തമാസം ആംസ്റ്റര്‍ഡാമിനും കരീബിയന്‍ ദ്വീപായ കുറക്കാവോയ്ക്കുമിടയില്‍ ചൈല്‍ഡ് ഫ്രീ ക്യാബിന്‍ സംവിധാനമുള്ള ഫ്ലൈറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും എയര്‍ലൈന്‍സിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനത്തെ അനുകൂലിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയതായും ടര്‍ക്കിഷ് വിമാനക്കമ്പനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചൈല്‍ഡ് ഫ്രീ ക്യാബിന്‍ സംവിധാനമൊരുക്കുന്ന യൂറോപ്പിലെ ആദ്യത്തെ എയര്‍ലൈന്‍സ് കൂടിയാണ് കോറെന്‍ഡണ്‍. എന്നാല്‍ സമാനമായ സൗകര്യങ്ങള്‍ എയര്‍ എഷ്യയുടെ എ330, സിംഗപ്പൂരിലെ സ്കൂട്ട് എന്നിവയും ഈ സൗകര്യം ഒരുക്കുന്നുണ്ട്.