ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെതിരെ കനേഡിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുമായി ഇന്ത്യ. കാനഡയിലെ ഖാലിസ്ഥാനി ഭീഷണി പോസ്‌റ്ററുകളിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ ചിത്രങ്ങളുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കനേഡിയൻ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.
“ഞങ്ങൾ ഇതിനോടകം കാനഡ പോലുള്ള ഞങ്ങളുടെ പങ്കാളിരാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഖാലിസ്ഥാനി ഗ്രൂപ്പുകൾക്ക് ഇടം നൽകരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പോസ്‌റ്റർ, ഒരു ദിവസം മുമ്പാണ് പുറത്തിറക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു. ശരിയായ വഴിയിലൂടെ, ബന്ധപ്പെട്ട രാജ്യവുമായി ഇതിലെ ആശങ്ക പങ്കുവച്ചിട്ടുണ്ട്” – ജയശങ്കർ പറഞ്ഞു. കാനഡക്കു പുറമെ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യൻ സർക്കാർ സംസാരിച്ചെന്നും ഖാലിസ്ഥാനി ഗ്രൂപ്പുകൾക്ക് ഇടം നൽകരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.