Tuesday, November 26, 2024

‘ഈ യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കാന്‍ പോകുന്നില്ല’; യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നേരേന്ദ്രമോദി

യുക്രൈന്‍-റഷ്യ വിഷയം ജര്‍മന്‍ വൈസ് ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാനാകില്ല. ഇന്ത്യ എന്നും സമാധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും യുദ്ധം നീണ്ടുനില്‍ക്കാതെ അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു

‘യുക്രൈനില്‍ അധിവേശം ആരംഭിച്ചതുമുതല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമായി ഞങ്ങള്‍ മുന്നോട്ടുവച്ചത് വെടിനിര്‍ത്തല്‍ ആശയവും ചര്‍ച്ചകളുമായിരുന്നു. ഈ യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കാന്‍ പോകുന്നില്ല. എല്ലാവര്‍ക്കും നഷ്ടവും തോല്‍വിയും മാത്രമാണുണ്ടാകുക. എന്തുതന്നെയായാലും സമാധാനത്തെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. മാനുഷികാഘാതകങ്ങള്‍ക്കുപുറമേ എണ്ണവിലയിലും ആഗോള ഭക്ഷ്യവിതരണത്തിലുമാണ് നഷ്ടമുണ്ടാകുന്നുവെന്ന് പറഞ്ഞ മോദി, പക്ഷേ അധിനിവേശത്തില്‍ റഷ്യയെ കുറ്റപ്പെടുത്തിയില്ല.

അതേസമയം യുദ്ധം ആഗോളതലത്തില്‍ തന്നെ ഭീഷണിയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് പറഞ്ഞു. യുക്രൈനെതിരായ ആക്രമണങ്ങളിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളെ റഷ്യ അപകടത്തിലായിക്കിയെന്നും ഷോള്‍സ് പറഞ്ഞു. പരസ്പരം യുദ്ധം ചെയ്യുന്നതിലൂടെയല്ല, മറിച്ച് സാമ്പത്തിക വികസനം ഒരുമിച്ച് സാധ്യമാക്കുന്നതിലൂടെ മെച്ചപ്പെട്ട ഒരു ഭാവി കൈവരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നരേന്ദ്രമോദി ഇന്ന് ഡെന്‍മാര്‍ക്കില്‍ എത്തും. നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ആശയവിനിമയം വിവിധ രാജ്യ തലവന്മാരും ആയി നടത്തും. കോപ്പന്‍ഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചര്‍ച്ച നടത്തും. ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോര്‍ജം തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍.

 

Latest News