അബുദാബിയില്‍ ഹലാല്‍ അല്ലാത്ത ഭക്ഷണം വിതരണം ചെയ്ത ററസ്റ്ററന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്‌സ). അബുദാബി മുസഫ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ബിരാത് മനില എന്ന റസ്റ്റോറന്റാണ് നിയമലംഘനത്തെ തുടർന്ന് അടച്ചുപൂട്ടിയത്. എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കുകയും ഹലാല്‍ ഭക്ഷണം തയാറാക്കുന്ന അതേ പാത്രങ്ങളില്‍ തയാറാക്കുകയും ചെയ്തെന്നാണ് റസ്റ്ററന്റിനു നേരെയുള്ള ആരോപണം. എമിറേറ്റില്‍ ഹലാല്‍ അല്ലാത്ത ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിന് ആവശ്യമായ പെര്‍മിറ്റുകള്‍ സ്വന്തമാക്കേണ്ടതുണ്ട്. ഇതില്ലാത്ത സാഹചര്യത്തിലാണ് സ്ഥാപനം പൂട്ടാന്‍ ഉത്തരവിട്ടതെന്ന് അദാഫ്‌സ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനുമതി നേടിയതിനുശേഷം സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാമെന്നും അദാഫ്‌സ വ്യക്തമാക്കി. ഏതെങ്കിലും സ്ഥാപനത്തില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 800555 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടാമെന്നും അദാഫ്‌സ അറിയിച്ചു.