Monday, November 25, 2024

പ്രധാന റഷ്യന്‍ പൈപ്പ്‌ലൈന്‍ യൂറോപ്പിലേക്കുള്ള വാതക വിതരണം പുനരാരംഭിക്കുന്നു

റഷ്യ അതിന്റെ ഏറ്റവും വലിയ പൈപ്പ്ലൈനിലൂടെ യൂറോപ്പിലേക്ക് ഗ്യാസ് പമ്പ് ചെയ്യുന്നത് പുനരാരംഭിച്ചു. മുന്നറിയിപ്പ് നല്‍കിയതിന് ശേഷം വിതരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കാം എന്ന ഉടമ്പടിയോടെയാണിത്. അറ്റകുറ്റപ്പണിയ്ക്കുള്ള 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നോര്‍ഡ് സ്ട്രീം 1 പൈപ്പ്‌ലൈനാണ് പുനരാരംഭിച്ചത്. പക്ഷേ കുറഞ്ഞ തോതിലാണ് വാതകം നല്‍കുന്നത്.

പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും അതിന്റെ ശേഷിയുടെ 40% മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് റഷ്യന്‍ സ്റ്റേറ്റ് ഗ്യാസ് കമ്പനിയായ ഗാസ്പ്രോന്റെവക്താവ് പറഞ്ഞു.

റഷ്യ യൂറോപ്പിലേയ്ക്കുള്ള വാതക വിതരണം നിര്‍ത്തിയാല്‍ അടുത്ത ഏഴ് മാസത്തിനുള്ളില്‍ വാതക ഉപയോഗം 15% കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ബുധനാഴ്ച രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയാണ് കഴിഞ്ഞ വര്‍ഷം യൂറോപ്പിന് പ്രകൃതി വാതകത്തിന്റെ 40% വിതരണം ചെയ്തത്.

2020 ല്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വാതക ഇറക്കുമതിക്കാരായിരുന്നു ജര്‍മ്മനി. എന്നാല്‍ റഷ്യയില്‍ നിന്നുള്ള വാതകത്തെ ആശ്രയിക്കുന്നത് അടുത്തിടെ 55% ല്‍ നിന്ന് 35% ആയി കുറച്ചു. ഒടുവില്‍, റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താനാണ് ജര്‍മ്മനിയുടെ തീരുമാനം.

ഫോസില്‍ ഇന്ധനം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) വിതരണം എത്തിക്കാന്‍ ശ്രമിക്കുന്നു. കാരണം ഗ്യാസിന്റെ കുറവ്, മാന്ദ്യത്തിന് കാരണമാകുമെന്ന് വ്യവസായ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസിന്റെ ബദല്‍ വിതരണക്കാരെ തേടുന്നുണ്ട്. എന്നാല്‍ പുതിയ വിതരണക്കാരില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് ചെലവേറിയതും സമയമെടുക്കുന്നതുമാണ്. .

 

Latest News