Saturday, November 23, 2024

കെപോപ്പ് ഗാനങ്ങള്‍ കേട്ടു, പങ്കുവെച്ചു; വടക്കന്‍ കൊറിയയില്‍ ഇരുപത്തിരണ്ടുകാരന് പരസ്യ വധശിക്ഷ

തെക്കന്‍ കൊറിയയില്‍നിന്നുള്ള സിനിമകളും പോപ്പ് ഗാനങ്ങളും കാണുകയും പങ്കുവെക്കുകയും ചെയ്ത ഇരുപത്തിരണ്ടുകാരനെ വടക്കന്‍ കൊറിയയില്‍ പരസ്യമായി വധശിക്ഷക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ട്. 2024 ല്‍ വടക്കന്‍ കൊറിയയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് തെക്കന്‍ കൊറിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2002 ല്‍ നടന്ന സംഭവത്തെ സാക്ഷ്യപ്പെടുത്തുന്ന സാക്ഷിമൊഴികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023-ഓടെ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്ത 649 വടക്കന്‍ കൊറിയന്‍ കൂറുമാറ്റക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.

പുറത്തുനിന്നുള്ള വിവരങ്ങളും സംസ്‌കാരങ്ങളും രാജ്യത്തിനകത്തേക്കു പടരുന്നത് ശക്തമായി തടയുന്ന രാജ്യമാണ് വടക്കന്‍ കൊറിയ. കൂറുമാറ്റം നടത്തിയ, പേര് വെളിപ്പെടുത്താത്ത വ്യക്തിയുടെ മൊഴി പ്രകാരം സൗത്ത് ഹ്വാങ്‌ഹേ പ്രദേശത്തുനിന്നുള്ള യുവാവ്, 70 തെക്കന്‍ കൊറിയന്‍ പോപ്പ് ഗാനങ്ങള്‍ കേള്‍ക്കുകയും മൂന്ന് സിനിമകള്‍ കാണുകയും അവ പ്രചരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്.

2020-ല്‍ അംഗീകരിച്ച ‘പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രവും സംസ്‌കാരവും’ നിരോധിക്കുന്ന വടക്കന്‍ കൊറിയന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റുകാരാണെന്ന് കണ്ടെത്തി കര്‍ഷകത്തൊഴിലാളിയായ യുവാവിനെ പരസ്യമായി വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.

തെക്കന്‍ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും വിവരങ്ങള്‍ കണ്ടെത്തുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിക്കുന്നു വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് നിയമം. നിയമ ലംഘനങ്ങള്‍ക്ക് വധശിക്ഷയുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നു.

 

Latest News