Monday, November 25, 2024

അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും എതിരെ പ്രകോപനം തുടര്‍ന്ന് ഉത്തര കൊറിയ; വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം

അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ പ്രകോപനം തുടര്‍ന്ന് ഉത്തര കൊറിയ. ഉത്തര കൊറിയ വീണ്ടും രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ തീരത്തെ കടലിലേക്ക് വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് മുന്‍പ് ഉത്തര കൊറിയയിലെ ഹ്വാങ്‌ഹേ പ്രവിശ്യയില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തതെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെഎസ്സി) പറഞ്ഞു.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം അവസാനിപ്പിക്കണമെന്ന കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സും അതിന്റെ സ്‌ട്രൈക്ക് ഗ്രൂപ്പും ദക്ഷിണ കൊറിയന്‍ തുറമുഖമായ ബുസാനില്‍ എത്തുന്നതിന് ഒരു ദിവസം മുന്‍പാണ് വിക്ഷേപണം. ഉടന്‍ തന്നെ ഉത്തര കൊറിയ ഇത് അവസാനിപ്പിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. നിലവില്‍ ആസൂത്രണം ചെയ്തതുപോലെ അമേരിക്കയുമായി സൈനികാഭ്യാസം തുടരുമെന്നും ജെസിഎസ് വ്യക്തമാക്കി.

ദക്ഷിണകൊറിയയ്ക്ക് പിന്നാലെ, ജപ്പാനും ഉത്തര കൊറിയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. നിലിവല്‍, ഉത്തര കൊറിയയുടെ മിസൈല്‍ വിക്ഷേപണം ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ ആരോപിച്ചു.

 

 

Latest News