ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ദൈർഘ്യമേറിയ സമയം മിസൈൽ സഞ്ചരിച്ചതായാണ് റിപ്പോർട്ട്. 86 മിനിറ്റ് പറന്നശേഷം മിസൈൽ രാജ്യത്തിന്റെ കിഴക്കൻഭാഗത്തുള്ള വെള്ളത്തിൽ പതിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും അറിയിച്ചു.
മുകളിലേക്കു വിക്ഷേപിച്ച ICBM 7,000 കിലോമീറ്റർ വരെ ഉയരത്തിൽ എത്തി. അതേസമയം തിരശ്ചീനമായി വിക്ഷേപിച്ചിരുന്നെങ്കിൽ കൂടുതൽ ദൂരം പിന്നിടുമായിരുന്നു എന്നാണ് വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. യു. എൻ. നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സമയത്ത് നടത്തിയ പരീക്ഷണം വളരെ ഗൗരവത്തോടെയാണ് അയൽരാജ്യങ്ങളും ദക്ഷിണ കൊറിയയും നോക്കിക്കാണുന്നത്.
നവംബർ 5 ന് യു. എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടടുപ്പിച്ച് ഐ. സി. ബി. എം. ഉപയോഗിക്കാൻ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി ദക്ഷിണ കൊറിയ ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ ഉയരത്തിലും ദൂരത്തിലും സഞ്ചരിക്കാവുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതിനാണ് നോർത്ത് കൊറിയയുടെ പരീക്ഷണമെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ശത്രുക്കളോടു പ്രതികരിക്കാൻ തങ്ങൾ തയ്യാറാണെന്നും ഇതൊരു ഉചിതമായ സൈനിക നടപടിയാണെന്നുമാണ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ അതേ ദിവസം രാജ്യത്തെ ഔദ്യോഗിക വാർത്താചാനലിലൂടെ അറിയിച്ചത്. ഉത്തര കൊറിയ തങ്ങളുടെ ആണവസേനയെ ശക്തിപ്പെടുത്തുന്ന നയത്തിൽ മാറ്റം വരുത്തില്ലെന്നും കിം ജോങ് ഉൻ അറിയിച്ചു.
അതേസമയം, യു. എൻ. സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ പൂർണ്ണമായ ലംഘനമാണെന്നാണ് വ്യാഴാഴ്ചത്തെ വിക്ഷേപണത്തോട് യു. എസ്. പ്രതികരിച്ചത്.