Monday, November 25, 2024

അതിര്‍ത്തി കടന്ന അമേരിക്കന്‍ സൈനികന്‍ രാജ്യത്തുണ്ടെന്നു സ്ഥിരീകരിച്ച് ഉത്തര കൊറിയ

അതിര്‍ത്തി മേഖലയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെ.എസ്.എ) കടന്ന അമേരിക്കൻ സൈനികൻ രാജ്യത്തുണ്ടെന്നു സ്ഥിരീകരിച്ച് ഉത്തര കൊറിയ. സൈന്യത്തിലെ വർണ്ണവിവേചനവും മനുഷ്യത്വരഹിതമായ സമീപനങ്ങളെയും തുടര്‍ന്നാണ് അതിര്‍ത്തി കടന്നതെന്ന് സൈനികന്‍ പറഞ്ഞതായി ഉത്തര കൊറിയ അറിയിച്ചു. രാജ്യത്തെ ദേശീയമാധ്യമമാണ് വാർത്ത പുറത്തുവിട്ടത്.

സൈനികൻ മനഃപൂർവം അതിർത്തി കടന്നതാണെന്ന് പെന്റഗൺ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനികന്‍ രാജ്യത്തുണ്ടെന്ന് ഉത്തര കൊറിയ അറിയിച്ചത്.
രാജ്യത്ത് അഭയംതേടാനുള്ള ആഗ്രഹം 23-കാരനായ ട്രാവിസ് കിങ് പ്രകടിപ്പിച്ചതായി ഉത്തര കൊറിയന്‍ ദേശീയമാധ്യമം നാര്‍ത്ത പുറത്തുവിട്ടു. അസമത്വം നിറഞ്ഞ അമേരിക്കൻ സമൂഹത്തിലേക്ക് തിരിച്ചുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രാവിസ് പറഞ്ഞതായും ഉത്തര കൊറിയ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യപ്രതികരണം കൂടിയാണിത്.

അതിർത്തിഗ്രാമമായ പാൻമുൻജോ സന്ദർശിക്കുന്നതിനിടെയാണ് അമേരിക്കന്‍ സൈനികനായ ട്രാവിസ് കിങ് അനുമതിയില്ലാതെ അതിർത്തികടന്നതെന്നാണ് വിവരം. 2021 മുതൽ യു.എസ് സൈന്യത്തിന്റെ ഭാഗമായ ട്രാവിസ്, ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിലെ സൈനികന്‍ കൂടിയാണ്. എന്നാല്‍ ദക്ഷിണ കൊറിയയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ യു.എസിൽ അച്ചടക്കനടപടികൾ നേരിടാനായി ട്രാവിസിനെ തിരികെവിളിച്ചെങ്കിലും ഇയാള്‍ ഉത്തര കൊറിയയിലേക്കു പോകുകയായിരുന്നു. അതേസമയം, എത്രയും വേഗം ട്രാവിസ് കിങ്ങിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടുപോകുകയാണ്.

Latest News