Monday, November 25, 2024

അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഉത്തര കൊറിയ

വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ വീണ്ടും രാജ്യത്തിന്റെ വാതില്‍ തുറന്നിട്ട് ഉത്തര കൊറിയ. കോവിഡ് മഹാമാരിക്ക് ശേഷം അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുന്നത്. ഡിസംബര്‍ മുതല്‍ ഉത്തര കൊറിയയിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള അനുമതി ലഭിക്കുമെന്നാണ് പ്രമുഖ മാധ്യമ റിപ്പോര്‍ട്ട്. വിവിധ വിനോദ സഞ്ചാര സംഘാടകരെ അടിസ്ഥാനമാക്കിയാണ് പ്രമുഖ മാധ്യമ റിപ്പോര്‍ട്ട്.

ചൈന അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് വിനോദ സഞ്ചാര സംഘാടകര്‍ ഇതിനോടകം ഉത്തര കൊറിയന്‍ സഞ്ചാരത്തിനായുള്ള പ്ലാനുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഉത്തര കൊറിയയിലെ വടക്കന്‍ മേഖലയിലെ പര്‍വ്വത നഗരമായ സാംജിയോന്‍ അടക്കം സന്ദര്‍ശിക്കാനുള്ള പ്ലാനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020ന്റെ ആദ്യത്തിലാണ് ഉത്തര കൊറിയ വിദേശ സഞ്ചാരികള്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ കൊട്ടിയടച്ചത്.

പുറത്ത് നിന്നുള്ള അവശ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് അടക്കമായിരുന്നു ഉത്തര കൊറിയ വിലക്ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ ആണവ പദ്ധതികളുടെ പേരില്‍ അന്താരാഷ്ട്ര തലത്തിലുണ്ടായ ഉപരോധങ്ങള്‍ രാജ്യത്ത് ഭക്ഷ്യ ലഭ്യതയെ അടക്കം സാരമായി ബാധിച്ചിരുന്നു. സാംജിയോന്‍ നഗരത്തിലേക്കാണ് നിലവില്‍ സഞ്ചാരികള്‍ക്ക് അനുമതിയുള്ളത്. പ്യോംങ്യാംഗ് അടക്കമുള്ള മറ്റ് മേഖലകളിലേക്ക് പിന്നാലെ തന്നെ പ്രവേശനാനുമതി ലഭിച്ചേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചൈനയിലെ ഏറെ പ്രശസ്തമായ കെടിജി ടൂര്‍സ് ആണ് ഉത്തര കൊറിയന്‍ വിനോദ സഞ്ചാരത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിശദമാക്കിയിട്ടുള്ളത്. നാല് വര്‍ഷമായുളള കാത്തിരിപ്പിന് അവസാനമായെന്നും ഉത്തര കൊറിയന്‍ സഞ്ചാരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നുമാണ് കെടിജി ടൂര്‍സ് സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നത്. ദക്ഷിണ കൊറിയ ഒഴികെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഉത്തര കൊറിയ പ്രവേശനം നല്‍കുന്നുണ്ടെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. അതേസമയം അമേരിക്ക ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കിയിട്ടുണ്ട്.

 

Latest News