ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ, ബാലിസ്റ്റിക് മിസൈൽ പോലെ തോന്നിക്കുന്ന ഒന്ന് ഉത്തരകൊറിയ വിക്ഷേപിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറിയൻ ഉപദ്വീപിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ഉത്തര കൊറിയയുടെ പുതിയ ആയുധ പരീക്ഷണം.
ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായും ഇത് ഒരു ബാലസ്റ്റിക് മിസൈലാകാൻ സാധ്യതയുണ്ടെന്നും ജപ്പാൻ പ്രതിരോധ പറഞ്ഞു. വിക്ഷേപിച്ച വസ്തു ഇതിനകം കടലിൽ പതിച്ചതായും ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് ഇത് വീണതെന്നുമാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച പുലർച്ചെയാണ് വിക്ഷേപണം നടന്നത്. വിക്ഷേപിക്കപ്പെട്ട വസ്തു ഇതിനകം കടലിൽ പതിച്ചതായും ജപ്പാനിലെ വിമാനങ്ങൾക്കോ കപ്പലുകൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ജപ്പാൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുനിന്നാണ് വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യവും സ്ഥിരീകരിച്ചു. ജനുവരി 27 ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനുശേഷം ആണവായുധങ്ങളുള്ള ഉത്തരകൊറിയയുടെ ആദ്യ വിക്ഷേപണമായിരുന്നു ഇത്.

