സ്വയം പൊട്ടിത്തെറിക്കുന്ന സ്ഫോടനാത്മക ഡ്രോണുകളുടെ വൻതോതിലുള്ള ഉൽപാദനം വേഗത്തിൽ ആരംഭിക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ രാജ്യത്തിന് നിർദേശം നൽകിയാതായി റിപ്പോർട്ട്. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ കഴിയുന്ന ഇത്തരത്തിലുള്ള ഡ്രോണുകളുടെ പരീക്ഷണം വിജയിച്ചതിനുശേഷമാണ് നിർമാണം വേഗത്തിലാക്കാൻ നിർദേശം നൽകിയത്.
പരീക്ഷണത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഡ്രോണുകൾ ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവ വ്യത്യസ്ത സ്ട്രൈക്കിംഗ് റേഞ്ചുകൾക്കുള്ളിൽ ഉപയോഗിക്കാൻ കഴിയും. കൂടാതെ, നിലത്തും കടലിലുമുള്ള ഏത് ശത്രുലക്ഷ്യങ്ങളെയും കൃത്യമായി ആക്രമിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സൈനികപ്രവർത്തനങ്ങളിൽ ഇത്തരം ഡ്രോണുകളുടെ ഉപയോഗം ലോകമെമ്പാടും വ്യാപിപ്പിക്കുകയാണെന്നും വലുതും ചെറുതുമായ സംഘട്ടനങ്ങളിൽ ഡ്രോണുകൾ വ്യക്തമായ വിജയങ്ങൾ നേടുന്നുണ്ടെന്ന് അധികൃതർ തിരിച്ചറിയുന്നുണ്ടെന്നും കിം പറഞ്ഞു. എത്രയും വേഗം ഒരു സീരിയൽ പ്രൊഡക്ഷൻ സിസ്റ്റം നിർമിക്കുകയും പൂർണ്ണതോതിലും വൻതോതിലുമുള്ള ഉൽപാദനത്തിലേക്ക് എത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത കിം അടിവരയിട്ടു എന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ചാവേർ ഡ്രോണുകൾ എന്നും വിളിക്കപ്പെടുന്ന അത്തരം സ്വയം പൊട്ടിത്തെറിക്കുന്ന ഡ്രോണുകൾ യുക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും റഷ്യയുടെ യുദ്ധക്കളത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. റഷ്യയുമായുള്ള ഉത്തര കൊറിയയുടെ സൈനിക സഹകരണത്തെച്ചൊല്ലി പടിഞ്ഞാറൻ രാജ്യങ്ങളിൽ ആശങ്ക വളരുന്നതിനിടെയാണ് പുതിയ ഉത്തരവ്.