പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഹമാസ് ഭീകരരെ പിന്തുണയ്ക്കാന്‍ ഉദ്യോഗസ്ഥരോട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധം വില്‍ക്കാന്‍ കിം ധാരണയായതായി ദി വാള്‍ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 7 -ന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ ഹമാസ് ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി സംശയമുയര്‍ന്നിരുന്നു. ഉത്തര കൊറിയയുടെ ബള്‍സെ ഗൈഡഡ് ടാങ്ക് വേധ മിസൈലുകളും എഫ് -7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഹമാസ് ഉപയോഗിച്ചിരുന്നതായാണ് ആക്ഷേപം. ഹമാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദമുയര്‍ന്നത്. പിന്നാലെയാണ് വീണ്ടും ആയുധങ്ങള്‍ നല്‍കാന്‍ ധാരണയായതായി റിപ്പോര്‍ട്ട് വരുന്നത്.
ആണവപദ്ധതിയുടെ പേരില്‍ യു.എന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയ, മുമ്പും റോക്കറ്റ് ലോഞ്ചറുകള്‍ ഹമാസിന് വിറ്റിരുന്നുവെന്ന് ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടര്‍ കിം ക്യു-ഹ്യുന്‍ പറയുന്നു. ഗാസയിലെ യുദ്ധത്തിനിടയില്‍ കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്ത് യുദ്ധത്തില്‍നിന്ന് പ്രയോജനം നേടുന്നതിനാണ് ഉത്തര കൊറിയയുടെ ശ്രമം. അതേസമയം, ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിച്ചെന്ന അവകാശവാദങ്ങള്‍ പ്യോങ്യാങ് തള്ളിക്കളഞ്ഞിരുന്നു. ഇത് യു.എസ് പ്രചരിപ്പിക്കുന്ന ‘അടിസ്ഥാനരഹിതവും വ്യാജവുമായ കിംവദന്തി’ ആണെന്നായിരുന്നു പ്രതികരണം.