Monday, November 25, 2024

സൈന്യത്തിലെ ടോപ് ജനറലിനെ പിരിച്ചുവിട്ട് ഉത്തര കൊറിയ

രാജ്യത്തെ ഉന്നത സൈനികമേധാവിയെ പിരിച്ചുവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ. സൈന്യത്തിലെ ടോപ് ജനറലിനെയാണ് തൽസ്ഥാനത്തു നിന്ന് കിം മാറ്റിയത്. എന്നാല്‍ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമല്ല. രാജ്യത്തെ പ്രമുഖ മാധ്യമമായ കെ.സി.എൻ.എയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോർട്ട് ചെയ്‌തത്.

പ്രതിരോധനടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ആയുധനിർമ്മാണം വർധിപ്പിക്കാനും സൈനികാഭ്യാസങ്ങളുടെ വിപുലീകരണം നടത്തുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. ഈ യോഗത്തിലാണ്, ഏഴുമാസത്തോളമായി രാജ്യത്തെ ഉന്നത ജനറൽ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ് ചുമതല വഹിച്ചിരുന്ന പാക് സു ഇലിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. പാക്കിനു പകരം രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായും പരമ്പരാഗത സൈനികരുടെ ഉന്നത കമാൻഡറായും സേവനമനുഷ്ഠിച്ച ജനറൽ, റി യോങ് ഗിൽ ചുമതല ഏറ്റെടുക്കും. റി, മുമ്പ് സൈനിക മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, ആയുധ ഉൽപാദനശേഷി വർധിപ്പിക്കാനുള്ള നിർദേശം കിം നൽകിയെന്നും കെ.സി.എൻ.എയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്‌ച അദ്ദേഹം ആയുധ ഫാക്‌ടറികൾ സന്ദർശിക്കുകയും അവിടെ കൂടുതൽ മിസൈൽ എഞ്ചിനുകളും പീരങ്കികളും മറ്റ് ആയുധങ്ങളും നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Latest News