അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ട് ലക്ഷം യുവാക്കള്‍ തയ്യാറാണെന്ന് കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയയുടെ ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തതായി റോഡോങ് സിന്മ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച്ച ഉത്തരകൊറിയന്‍ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിനായി തയ്യാറായി യുവാക്കള്‍ രംഗത്തെത്തിയത്. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഉത്തര കൊറിയയുടെ ജീവിക്കാനുള്ള സ്വാതന്ത്രവും അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി.
ഉത്തര കൊറിയയില്‍ നിര്‍ബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്. എല്ലാ പുരുഷന്മാരും കുറഞ്ഞത് പത്ത് വര്‍ഷവും സ്ത്രീകള്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും സൈന്യത്തില്‍ സേവനം അനുഷ്ഠിക്കണം എന്നാണ് നിയമം. അതേ സമയം ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം കഴിഞ്ഞ ദിവസം നടന്നു.
മോണ്‍സ്റ്റര്‍ മിസൈലെന്ന് വിളിക്കപ്പെടുന്ന ഹ്വാസോംഗ് 17ന്റെ വിക്ഷേപണമാണ് വ്യാഴാഴ്ച്ച നടന്നത്. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇത്. യുഎസും ദക്ഷിണ കൊറിയയും തമ്മില്‍ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കുള്ള മറുപടിയായാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയ അറിയിച്ചു.