Monday, November 25, 2024

യു.എസ് രഹസ്യാന്വേഷണ ജെറ്റുകൾ തകര്‍ത്ത് ഉത്തര കൊറിയ

ഉത്തര കൊറിയയുടെ കിഴക്കന്‍ മേഖലയില്‍ പ്രവേശിച്ച യു.എസ് രഹസ്യാന്വേഷണ ജെറ്റുകൾ തകര്‍ത്തതായി റിപ്പോര്‍ട്ട്. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ കെ.സി.എൻ.എയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗസ്റ്റ് 18 വ്യാഴാഴ്ചയായിരുന്നു സംഭവമെന്നും സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി.

പ്രദേശത്ത് അനുമതിയില്ലാതെ നുഴഞ്ഞുകയറിയതിനെ തുടർന്ന് ഉത്തര കൊറിയയുടെ സൈന്യം യു.എസ് രഹസ്യാന്വേഷണ വിമാനം തകര്‍ക്കുകയായിരുന്നു. യു.എസിന്റെ നീക്കം അപകടകരമായ സൈനികപ്രകോപനമായാണ് ഉത്തര കൊറിയ കാണുന്നത്. അതിനാല്‍ ഭാവിയിലെ കടന്നുകയറ്റങ്ങൾ തടയുന്നതിനുള്ള നടപടികൾ ഉത്തര കൊറിയ പരിഗണിക്കുമെന്ന് കൊറിയൻ പീപ്പിൾസ് ആർമിയുടെ വക്താവ് പറഞ്ഞു. പ്രകോപനത്തിൽ പ്രതിഷേധിച്ച് ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുകയോ, മറ്റ് സൈനിക നടപടികൾ സ്വീകരിക്കുകയോ ചെയ്തേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.

അതേസമയം, ഉത്തര കൊറിയയിൽ നിന്നുള്ള ആണവഭീഷണികളും ചൈനയുടെ പ്രാദേശികസ്വാധീനവും വർധിച്ചുവരുന്നതിനാൽ സിയോളും ടോക്കിയോയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി മേരിലാൻഡിലെ ക്യാമ്പ് ഡേവിഡിൽ ബൈഡൻ കൂടിക്കാഴ്ച നടത്തും.

Latest News