Monday, November 25, 2024

ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള കടലിലേക്ക് ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. വ്യാഴാഴ്ച പുലര്‍ച്ചെ കൊറിയന്‍ ഉപദ്വീപിലെ പ്യോങ്‌യാങ്ങിൽ നിന്നുമായിരുന്നു മിസൈല്‍ പരീക്ഷണം. ഫെബ്രുവരി 18 നും ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചിരുന്നു.

ഇതിനോടകം ഒരു വര്‍ഷത്തിനിടെ നാലു മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചു കഴിഞ്ഞു. മിസൈല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് സാധാരണ നടപടിയാക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്‍ ശ്രമിക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവക്കും വിധമാണ് ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം. 1000 കിലോമീറ്റര്‍ ദൂരം മിസൈല്‍ സഞ്ചരിച്ചതായാണ് ലഭ്യമാകുന്ന വിവരം.

അതേസമയം, ദക്ഷിണ കൊറിയൻ പ്രസിഡൻറ് ടോക്കിയോ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ആണവായുധങ്ങളുള്ള ഉത്തരകൊറിയയെ നേരിടുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ജപ്പാന്‍-ദക്ഷിണകൊറിയ തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത് -റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച 12വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ യുഎസുമായി ചേര്‍ന്നു സ്ഥിതി സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ദക്ഷിണകൊറിയ അറിയിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നു നടത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സംയുക്ത സൈനീക അഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് വടക്കന്‍ കൊറിയ പുതിയ നിരവധി ആയുധങ്ങള്‍ നിരന്തരം പരീക്ഷിക്കുന്നത്.

Latest News