Sunday, November 24, 2024

സൂയിസൈഡ് ഡ്രോണുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ

കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തില്‍ ഉത്തരകൊറിയ സൂയിസൈഡ് ഡ്രോണ്‍ പരീക്ഷണം നടത്തി. സൈന്യത്തെ യുദ്ധസജ്ജരാക്കുന്നതിനുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണിന്റെ പരീക്ഷണം. അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നീക്കം. ഡ്രോണ്‍ പരീക്ഷണത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളില്‍ X ആകൃതിയിലുള്ള വാലുകളും ചിറകുകളുമുള്ള ഒരു വെള്ള ഡ്രോണ്‍ ദക്ഷിണ കൊറിയയുടെ K-2 യുദ്ധ ടാങ്കിനോട് സാമ്യമുള്ള ഒരു ലക്ഷ്യത്തിലേക്ക് ഇടിച്ച് നശിപ്പിക്കുന്നതായി കാണാം.

ഉത്തരകൊറിയയുടെ വര്‍ദ്ധിച്ചുവരുന്ന ആണവ ഭീഷണികളെ നേരിടാന്‍ ലക്ഷ്യമിട്ട് യുഎസും ദക്ഷിണ കൊറിയയും അടുത്തിടെ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. കരയിലും കടലിലുമുള്ള ശത്രു ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ രൂപകല്‍പ്പന ചെയ്ത വിവിധ ഡ്രോണുകള്‍ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.

സൈനിക സാങ്കേതിക വിദ്യകളിലെ ആഗോള പ്രവണതകള്‍ യുദ്ധത്തില്‍ ഡ്രോണുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നുണ്ടെന്നും അതിനാല്‍ എത്രയും വേഗം ഡ്രോണുകളുടെ വിപുലമായ ശേഖരം ഉപയോഗിച്ച് സൈന്യത്തെ ശാക്തീകരിക്കുമെന്നും കിം ജോങ് ഉന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Latest News