Monday, November 25, 2024

ഉത്തര കൊറിയ വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു: ജപ്പാൻ കോസ്റ്റ് ഗാർഡ്

ചാര ഉപഗ്രഹം വിക്ഷേപിക്കാന്‍ ഉത്തര കൊറിയ തയാറെടുക്കുന്നതായി ജപ്പാൻ കോസ്റ്റ് ഗാർഡിന്റെ വെളിപ്പെടുത്തല്‍. മൂന്നുമാസം മുമ്പ് നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും പരിക്ഷണത്തിനായി ഉത്തര കൊറിയ തയാറെടുക്കുന്നത്. വിക്ഷേപണവുമായി ബന്ധപ്പെട്ട വിവരം ഉത്തര കൊറിയന്‍ അധികൃതര്‍ പങ്കുവച്ചതായി ചൊവ്വാഴ്ചയാണ് ജപ്പാന്‍ കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയത്.

മേയില്‍ നടത്തിയ ആദ്യ വിക്ഷേപണത്തിലെ പാളിച്ചകൾ പരിഹരിച്ച് രണ്ടാമത് വിക്ഷേപണം നടത്തുമെന്ന് ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നുമാസങ്ങള്‍ക്കുശേഷം വീണ്ടും ഉപഗ്രഹം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് 24-നും 30-നമിടയിൽ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഏതുതരത്തിലുള്ള ഉപഗ്രഹമാണ് വിക്ഷേപിക്കുന്നതെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍. ഇത് ചാര ഉപഗ്രഹമാകാനാണ് സാധ്യയെന്നാണ് കോസ്റ്റ് ഗാര്‍ഡ് വിശ്വസിക്കുന്നത്. കഴിഞ്ഞ മേയിൽ പരീക്ഷിച്ച ചാര ഉപഗ്രഹവും വഹിച്ചുള്ള ഉത്തര കൊറിയയുടെ റോക്കറ്റ്, വിക്ഷേപണത്തിനു പിന്നാലെ കടലിൽ തകർന്നുവീഴുകയായിരുന്നു

Latest News