ഉത്തര കൊറിയൻ നാവികസേനയെ ആണവായുധ സജ്ജമാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അത്യാധുനിക പടക്കപ്പൽ സന്ദർശിച്ച് ഭരണാധികാരി കിം ജോങ് ഉൻ. പടിഞ്ഞാറൻ തീരത്തെ ഷിപ്പ്യാർഡിൽ നടന്ന സന്ദർശനത്തിൽ, ശത്രുരാജ്യങ്ങളുടെ നാവികഭീഷണികളെ നേരിടാൻ ഉത്തര കൊറിയ സജ്ജമാണെന്നും കിം പ്രഖ്യാപിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കിം ജോങ് ഉൻ നാംപോയിലെ പടിഞ്ഞാറൻ കപ്പൽ നിർമ്മാണശാല സന്ദർശിച്ചത്. 5,000 ടൺ ശേഷിയുള്ള ‘ചോയ് ഹ്യോൺ’ ശ്രേണിയിൽപ്പെട്ട മൂന്നാമത്തെ പടക്കപ്പലിന്റെ നിർമ്മാണപുരോഗതി അദ്ദേഹം വിലയിരുത്തി. ഈ വിഭാഗത്തിലെ ആദ്യ കപ്പലായ ‘ചോയ് ഹ്യോൺ’ 2025 ഏപ്രിലിലാണ് ആദ്യമായി പുറംലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചത്. ഒരുവർഷത്തിനുള്ളിൽ തന്നെ ഇതേ വിഭാഗത്തിലുള്ള മൂന്ന് കപ്പലുകളുടെ നിർമ്മാണത്തിലേക്ക് രാജ്യം കടന്നു എന്നത് ശ്രദ്ധേയമാണ്.
പുതിയ പടക്കപ്പലിൽ സ്ഥാപിച്ചിട്ടുള്ള ക്രൂയിസ് മിസൈലുകൾ ആണവ വാഹകശേഷിയുള്ളവയാണ്. കടലിൽ വച്ചുതന്നെ ശത്രുരാജ്യങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ഇവയ്ക്ക് സാധിക്കുമെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. “സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനും യുദ്ധസന്നദ്ധത ഉറപ്പാക്കുന്നതിനും നാവികസേനയെ ശക്തിപ്പെടുത്തുക എന്നത് നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്” എന്ന് കിം ജോങ് ഉൻ പറഞ്ഞു.

