ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പങ്കെടുത്ത വിക്ഷേപണ ചടങ്ങിനിടെ 5,000 ടൺ ഭാരമുള്ള പുതിയ യുദ്ധക്കപ്പലിന് കേടുപാടുകൾ സംഭവിച്ചതിൽ കിം രോഷാകുലനാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ ഒരു റാമ്പിൽ നിന്ന് തെന്നിമാറുകയും നീങ്ങാൻ കഴിയാതെ കുടുങ്ങിപ്പോവുകയും ചെയ്തെന്നും, ബാലൻസ് തെറ്റി കപ്പലിന്റെ അടിഭാഗം തകർന്നുവെന്നും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വടക്കുകിഴക്കൻ തുറമുഖമായ ചോങ്‌ജിനിൽ ബുധനാഴ്ച നടന്ന ചടങ്ങിലാണ് ഈ സംഭവം. തന്റെ ആണവായുധ സൈന്യത്തിന് നാവിക മുന്നേറ്റമാണ് പ്രധാനമെന്ന് ഊന്നിപ്പറഞ്ഞ കിമ്മിന് ഒരു വലിയ തിരിച്ചടിയായിരുന്നു. “തികഞ്ഞ അശ്രദ്ധയോടെയും, ഉത്തരവാദിത്തമില്ലായ്മയോടെയും ഉണ്ടായ ഗുരുതരമായ അപകടവും ക്രിമിനൽ പ്രവൃത്തിയും” എന്നാണ് കിം ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കപ്പൽശാല ഓപ്പറേറ്റർമാരെയും അദ്ദേഹം കുറ്റപ്പെടുത്തി. അവരുടെ നിരുത്തരവാദപരമായ തെറ്റുകൾ പരിഹരിക്കുന്നതിനായി ഒരു വർക്കേഴ്‌സ് പാർട്ടി യോഗത്തിനും അദ്ദേഹം ആഹ്വാനം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.