മകൾക്കൊപ്പം ക്രൂയിസ് മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണമാണ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ നടന്നതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ സി എൻ എ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണ കൊറിയയെയും അമേരിക്കയെയും ലക്ഷ്യമിട്ടുള്ള ഉത്തരകൊറിയയുടെ സൈനിക കരുത്ത് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കിമ്മിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകൾ ജു-ഐ സൈനിക പരിപാടികളിൽ പതിവായി പ്രത്യക്ഷപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.
ചൊവ്വാഴ്ച വീഡിയോ വഴി മിസൈൽ വിക്ഷേപണങ്ങൾ കിം ജോങ് ഉൻ വീക്ഷിക്കുകയും “ശക്തവും വിശ്വസനീയവുമായ ഒരു ആണവ യുദ്ധ പ്രതിരോധം” നിലനിർത്തേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തുവെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ആണവായുധ ശേഖരം കൂടുതൽ കരുത്തുറ്റതാക്കണമെന്ന് അദ്ദേഹം സൈന്യത്തിന് നിർദ്ദേശം നൽകി. പരീക്ഷണാർത്ഥം തൊടുത്തുവിട്ട മിസൈലുകൾ നിശ്ചിത ദൂരം പിന്നിട്ട് കിഴക്കൻ കടലിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു. ഏത് നിമിഷവും ആണവായുധങ്ങൾ പ്രയോഗിക്കാൻ സജ്ജമായിരിക്കണമെന്ന് കിം ജോങ് ഉൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

