വ്‌ളാഡിമിർ പുടിനുമായുള്ള അപൂർവ ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലെത്തി. ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലെത്തിയത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് കിം എത്തിയതെന്നാണ് ദി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട്.
ഉത്തരകൊറിയൻ തലസ്ഥാനമായ പോങ്‌യാങ്ങിൽനിന്ന് ഞായർ വൈകിട്ട് ട്രെയിൻ മാർഗമാണ് കിം മോസ്കോയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും കിമ്മിനൊപ്പം ഉണ്ടെന്ന് കെ.സി.എൻ.എ റിപ്പോർട്ടു ചെയ്തു. നാലു വർഷത്തിനുശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. റഷ്യൻ അതിർത്തിയിലെ ഖസാനിൽ സ്വാഗത പരിപാടികൾ നടന്നതായി ജപ്പാൻ ടി.വി നെറ്റ്‍വർക്കായ ജെ.എൻ.എൻ റിപ്പോർട്ടു ചെയ്തു.
വ്ലാദിവോസ്തോകിയില്‍ വച്ചാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഉത്തരകൊറിയയിലെയും റഷ്യയിലെയും സ്റ്റേറ്റ് മീഡിയ വ്യക്തമാക്കിയെങ്കിലും എന്ന്, എപ്പോൾ എന്നൊന്നും സംബന്ധിച്ച് വിവരമില്ല. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ആയുധ ഇടപാട് അമേരിക്കയുടെ ഉപരോധത്തിന് കാരണമായേക്കാമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വീണ്ടും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.