വ്‌ളാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ റഷ്യയിലേയ്ക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുടിന്‍- കിം കൂടിക്കാഴ്ച നടക്കുമെന്ന് റഷ്യന്‍ ഭരണകൂടവും സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് കിം റഷ്യയിലേക്ക് പുറപ്പെട്ടതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2019ന് ശേഷം കിം ജോങ് ഉന്നിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് റഷ്യയിലേത്. റഷ്യന്‍ നഗരമായ വ്‌ലാഡിവോസ്‌റ്റോക്കാണ് കിം അവസാനമായി സന്ദര്‍ശിച്ച വിദേശ നഗരം. പ്രത്യേക ട്രെയിനിലാണ് കിം റഷ്യയിലേക്ക് പുറപ്പെട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‌റെ ക്ഷണം സ്വീകരിച്ച് അടുത്ത ദിവസങ്ങളില്‍ കിം റഷ്യയിലെത്തുമെന്ന് ക്രെംലിന്‍ വ്യക്തമാക്കി. പുടിനും കിമ്മും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് കിമ്മിന്റെ സന്ദര്‍ശനം.