റഷ്യയിലെ കുർസ്ക് മേഖലയിൽ പ്രവർത്തിക്കുന്ന സൈന്യം രണ്ട് ഉത്തര കൊറിയൻ സൈനികരെ പിടികൂടിയതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. പരിക്കേറ്റ സൈനികരുടെ നിരവധി ചിത്രങ്ങൾ ഉൾപ്പെടുന്ന എക്സ്-ലെ പ്രസ്താവനയിൽ സെലൻസ്കി ഇക്കാര്യം വെളിപ്പെടുത്തിയത്.
“നമ്മുടെ സൈനികർ കുർസ്ക് മേഖലയിൽ ഉത്തര കൊറിയൻ സൈനികരെ പിടികൂടിയിട്ടുണ്ട്. രണ്ട് സൈനികർക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു, അവരെ കീവിലേക്ക് കൊണ്ടുപോയി, അവിടെ അവർ ഇപ്പോൾ യുക്രൈനിലെ സെക്യൂരിറ്റി സർവീസുമായി ആശയവിനിമയം നടത്തുന്നു”- സെലൻസ്കി കുറിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അതിർത്തി കടന്നുള്ള കടന്നുകയറ്റത്തിന് ശേഷം നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ യുക്രൈൻ സൈന്യം കൈവശപ്പെടുത്തിയ കുർസ്ക് മേഖലയിൽ ഏകദേശം 11,000 ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രേനിയൻ, പാശ്ചാത്യ വിലയിരുത്തലുകൾ വെളിപ്പെടുത്തുന്നത്. ഡിസംബർ അവസാന വാരത്തിൽ കുർസ്കിൽ ആയിരത്തിലധികം ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
“ഇത് ഒരു എളുപ്പമുള്ള ജോലിയായിരുന്നില്ല. റഷ്യൻ സേനയും മറ്റ് ഉത്തര കൊറിയൻ സൈനിക ഉദ്യോഗസ്ഥരും യുക്രൈനെതിരായ യുദ്ധത്തിൽ ഉത്തര കൊറിയയുടെ പങ്കാളിത്തത്തിന്റെ തെളിവുകൾ മായ്ക്കാൻ സാധാരണയായി അവരുടെ പരുക്കേറ്റവരെ വധിക്കുന്നു”- പിടികൂടിയ രണ്ട് കൊറിയൻ സൈനികരെക്കുറിച്ച് സെലൻസ്കി പറഞ്ഞു.